സമാന രീതിയിലുള്ള തട്ടിപ്പ് ചെങ്ങന്നൂരില്‍ നടക്കുന്നതിനിടയില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. വിവരം ഓണ്‍ലൈന്‍ കമ്പനിയുടെ  ഹരിപ്പാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ അറിയിക്കുകയും  ചെയ്തു. 

ഹരിപ്പാട്: ഓണ്‍ലൈനില്‍ വാങ്ങിയ ഐ ഫോണ്‍ (I phone) കേടായതിനെത്തുടര്‍ന്ന് കമ്പനിക്ക് പരാതി നല്‍കിയതിന് ശേഷം പകരം കൊടുത്തത് വ്യാജഫോണ്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ മാറമ്പള്ളി പുതുശ്ശേരിവീട്ടില്‍ ലിയാഖത്ത് (26), പെരുമ്പാവൂര്‍ മുടിക്കല്‍ ചിറയില്‍ കാടന്‍ ഷിജാസ് (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ 
എറണാകുളം സ്വദേശിയായ നിഥുന്‍ ഓണ്‍ലൈനില്‍ ഐഫോണ്‍ ബുക്ക് ചെയ്തു വാങ്ങി. എന്നാല്‍ ഫോണിന് തകരാര്‍ ഉണ്ടെന്നും പകരം മാറ്റി നല്‍കണമെന്നും പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കമ്പനി പുതിയ ഫോണ്‍ നല്‍കി. ഓണ്‍ലൈന്‍ കമ്പനിയുടെ കരുവാറ്റയിലുള്ള ഓഫിസില്‍ നിന്നും അഡ്രസിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഹരിപ്പാട് ഡാണാപ്പടിക്ക് സമീപം വച്ച് ഫോണ്‍ ഇവര്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ പുതിയ ഫോണ്‍ നല്‍കിയപ്പോള്‍ തിരികെ നല്‍കിയ ഫോണ്‍ വ്യാജനായിരുന്നു. തുടര്‍ന്ന് ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കി. സമാന രീതിയിലുള്ള തട്ടിപ്പ് ചെങ്ങന്നൂരില്‍ നടക്കുന്നതിനിടയില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. വിവരം ഓണ്‍ലൈന്‍ കമ്പനിയുടെ ഹരിപ്പാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ അറിയിക്കുകയും ചെയ്തു. റിമാന്‍ഡ് ചെയ്ത പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.