നാളുകളായി ഭക്ഷണം കൃത്യമായി കൊണ്ടു വരാതെയും മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചും അവശനായി സ്കൂളിൽ എത്തിയ കുട്ടിയോട് അധ്യാപകർ കാര്യങ്ങൾ ചോദിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്
ചേർത്തല: യു കെ ജി വിദ്യാര്‍ത്ഥിയായ അഞ്ച് വയസുകാരനെ ഉപദ്രവിച്ച കേസിൽ അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ. ഇടുക്കി ആലങ്കോട് കോരമംഗലം ജെയ്സൺ ഫ്രാൻസീസിനെ (45) ആണ് ചേർത്തല പൊലീസ് പിടികുടിയത്. ഇയാൾ കുട്ടിയെ ഉപദ്രവിച്ചുവെന്ന് കാട്ടി ഗവൺമെന്റ് ടൗൺ എൽ പി സ്ക്കൂൾ പി ടി എ ഭാരവാഹികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. നാളുകളായി ഭക്ഷണം കൃത്യമായി കൊണ്ടു വരാതെയും മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചും അവശനായി സ്കൂളിൽ എത്തിയ കുട്ടിയോട് അധ്യാപകർ കാര്യങ്ങൾ ചോദിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് കുട്ടിയുടെ വീടിന്റെ പരിസരത്ത് കഴിയുന്നവരോട് പി ടി എ ഭാരവാഹികൾ അന്വേഷിക്കുകയും രാത്രികാലങ്ങളിൽ കുട്ടിയുടെ നിലവിളി കേൾക്കാറുണ്ടെന്ന് അയൽവാസികൾ പറയുകയും ചെയ്തു. തുടർന്നാണ് പി ടി എ പ്രസിഡന്റ് ദിനൂപ് വേണു പൊലീസിൽ പരാതി നൽകിയത്. കുടുംബത്തിൽ നിന്ന് അകന്നു നിൽക്കുന്ന ജെയ്സൺ മുന്നു വർഷമായി കുട്ടിയുടെ അമ്മയോടെപ്പമാണ് കഴിയുന്നത്.
കുലി പണിക്കാരനായ ഇയാൾ മദ്യലഹരിയിലാണ് കുട്ടിയെ മർദ്ദിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാവ് ലോട്ടറി വിറ്റാണ് ഉപജീവനം കഴിയുന്നത്. കുട്ടിയെ സംരക്ഷിക്കേണ്ടയാൾ ഉപദ്രവിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സി ഐ അരുൺ ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ശ്രീകാര്യം ചാവടിമുക്കിന് സമീപം വഴി അമ്മയോടൊപ്പം നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി എന്നതാണ്. കൊല്ലം കരിപ്ര സ്വദേശി ഹെയിൽ രാജുവിനെയാണ് (22) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. എൻജിനിയറിങ് കോളെജിൽ പഠിക്കുന്ന സഹോദരിയെ ഹോസ്റ്റലിൽ പോയി കണ്ട ശേഷം തിരികെ വരുമ്പോഴായിരുന്നു കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. ശ്രീകാര്യത്തെ ഒരു ടീ ഷോപ്പിൽ ജോലി ചെയ്യുന്ന ഇയാൾ അമ്മയോടൊപ്പം നടന്നു വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി ഒഴിഞ്ഞുമാറിയപ്പോൾ കൈയിൽ അടിച്ചു. വീണ്ടും പിന്തുടർന്നതോടെ അമ്മ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പ്രതിക്കായി നാട്ടുകാർ അന്വേഷണം നടത്തിയെങ്കിലും ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് കുട്ടി അമ്മയോടൊപ്പം ശ്രീകാര്യം സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സമീപത്തെ സി സി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മുമ്പ് സ്ത്രീയെ ഉപദ്രവിച്ച് മാലപൊട്ടിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


