ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് കിട്ടിയ മികച്ച ബ്ലോക്ക് പഞ്ചായത്ത്, നിർമ്മൽ ഗ്രാം എന്നീ കേന്ദ്ര സർക്കാർ പുരസ്കാരത്തിൽ നിന്നുള്ള നാൽപ്പതു ലക്ഷം രൂപ ഉൾപ്പെടെ 92 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്.
ഇടുക്കി: ഉദ്ഘാടനം നടത്തി അഞ്ച് വർഷം കഴിഞ്ഞിട്ടും ഇടുക്കി കാൽവരി മൗണ്ടിലെ ടൂറിസം കോംപ്ലക്സ് പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഒരു കോടിയിലധികം രൂപ മുടക്കി പണിത ടൂറിസം കോംപ്ലക്സാണ് ഇപ്പോള്‍ വെറുതെ കിടക്കുന്നത്. കാൽവരി മൗണ്ടിന്‍റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് കുറഞ്ഞ ചെലവിൽ താമസിക്കാനാണ് ടൂറിസം കോംപ്ലക്സ് പണിതത്. സമീപ വാസി സൗജന്യമായി വിട്ടു നൽകിയ അഞ്ചു സെന്‍റ് സ്ഥലത്താണിത് നിർമ്മിച്ചത്.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് കിട്ടിയ മികച്ച ബ്ലോക്ക് പഞ്ചായത്ത്, നിർമ്മൽ ഗ്രാം എന്നീ കേന്ദ്ര സർക്കാർ പുരസ്കാരത്തിൽ നിന്നുള്ള നാൽപ്പതു ലക്ഷം രൂപ ഉൾപ്പെടെ 92 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. 12 മുറികളും കഫേറ്റീരിയയും ഓഡിറ്റോറിയവുമൊക്കെയയായി വൻ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ടിവിയും ഫർണിച്ചറുകളും വാങ്ങാൻ 2021ൽ ഒമ്പത് ലക്ഷം രൂപ കൂടി അനുവദിച്ചു. ഇതുപയോഗിച്ച് വാങ്ങിയ ഒമ്പത് ടെലിവിഷനുകളുൾപ്പെടെയുള്ളവ കെട്ടിടത്തിനുള്ളിലുണ്ട്.
പഞ്ചായത്തിന്‍റെ പെർമിറ്റില്ലാതെ പണിതതിനാൽ കെട്ടിട നമ്പർ നൽകിട്ടില്ല. അതിനാൽ വൈദ്യുതി കണക്ഷനും കിട്ടിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിനും സർക്കാരിനും ലക്ഷങ്ങളുടെ വരുമാനം ഇതിനകം ലഭിക്കേണ്ട പദ്ധതിയാണ് ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നത്. തടസങ്ങൾ നീക്കി പ്രവർത്തനം തുടങ്ങാൻ പണം മുടക്കിയ ബ്ലോക്ക് പഞ്ചായത്തും മുൻ കൈ എടുക്കാത്തതിനാൽ ഒരു കോടി രൂപ മുടക്കി പണിത കെട്ടിടം നശിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ.
അതേസമയം, വെള്ളത്തിനോ വൈദ്യുതി എത്തിക്കാനോ സംവിധാനം കാണാതെ പണിത സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പൂട്ടിക്കിടക്കുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. കണ്ണൂർ കൊട്ടിയൂരിലാണ് പൊളിഞ്ഞു തുടങ്ങിയ പഴയ വില്ലേജ് ഓഫീസിന് തൊട്ടടുത്ത് സ്മാർട്ട് വില്ലേജ് ഓഫീസുള്ളത്. എല്ലാ പണിയും കഴിഞ്ഞ പുത്തൻ കെട്ടിടം അരികത്തുണ്ടായിട്ടും അതിലിരുന്ന് പണിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് ഇനിയും യോഗമില്ല. 45ലക്ഷത്തോളം രൂപ ചെലവിലാണ് പദ്ധതി ഇവിടെ വന്നതെന്ന് കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഫിലോമിന പറഞ്ഞു.
