സ്ലീപ്പർ റിലേയിങ് മെഷീനും മറ്റ് അനുബന്ധ സാമഗ്രികളും അടങ്ങിയ പ്രത്യേക ട്രെയിൻ പുതുക്കാട് റെയിൽവേ സ്റ്റേഷനിലെ ലേ-ബേ ട്രാക്കിലാണ് നിർത്തിയിടുന്നത്. ലേ-ബേ ട്രാക്കിൽനിന്ന് ഈ ട്രെയിൻ മറ്റ് ട്രാക്കുകളിലേക്ക് മാറ്റുമ്പോഴും തിരികെ എത്തിക്കുമ്പോഴും റെയിൽവേ ഗേറ്റ് പൂർണമായി അടച്ചിടേണ്ടിവരുന്നു. ഗേറ്റിന് ഇരുവശത്തും വാഹനങ്ങൾ ഏറെനേരം കാത്തുകിടക്കേണ്ടി വരുന്നു.
തൃശ്ശൂർ : തൃശ്ശൂർ–എറണാകുളം റെയിൽപാതയിലെ സ്ലീപ്പർ ബ്ലോക്കുകൾ മാറ്റിസ്ഥാപിക്കുന്നതിൻ്റെ പ്രധാനകേന്ദ്രമായി പുതുക്കാട് റെയിൽവേ സ്റ്റേഷൻ മാറിയതോടെ റെയിൽവേ ഗേറ്റ് വഴിയുള്ള റോഡ് ഗതാഗതം ദുരിതത്തിലായി. ഇരിങ്ങാലക്കുട - പുതുക്കാട് പ്രധാനറോഡിലെ റെയിൽവേ ഗേറ്റ് വഴി യാത്രചെയ്യുന്നവരുടെ ദുരിതമാണ് ഇരട്ടിയായത്.
തൃശ്ശൂർ–എറണാകുളം സെക്ഷനിലെ റെയിൽവേ പാളങ്ങളിലെ പഴയ സ്ലീപ്പറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന പണികളാണ് ഇപ്പോൾ നടന്നു വരുന്നത്. ഇതിനാവശ്യമായ സ്ലീപ്പറുകൾ സൂക്ഷിക്കുന്നതിനും വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള പ്രധാന ഹബ്ബായി പുതുക്കാട് റെയിൽവേ സ്റ്റേഷനാണ് ഉപയോഗിക്കുന്നത്. സ്റ്റേഷനോട് ചേർന്നുള്ള മെറ്റൽ ഡിപ്പോയിലാണ് റെയിൽവേ സ്ലീപ്പറുകൾ സൂക്ഷിക്കുന്നത്.
സ്ലീപ്പർ റിലേയിങ് മെഷീനും മറ്റ് അനുബന്ധ സാമഗ്രികളും അടങ്ങിയ പ്രത്യേക ട്രെയിൻ പുതുക്കാട് റെയിൽവേ സ്റ്റേഷനിലെ ലേ-ബേ ട്രാക്കിലാണ് നിർത്തിയിടുന്നത്. തൃശ്ശൂർ–എറണാകുളം സെക്ഷനിലെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെനിന്നാണ് സാധന സാമഗ്രികൾ കൊണ്ടുപോകുന്നത്.
ലേ-ബേ ട്രാക്കിൽനിന്ന് ഈ ട്രെയിൻ മറ്റ് ട്രാക്കുകളിലേക്ക് മാറ്റുമ്പോഴും തിരികെ എത്തിക്കുമ്പോഴും പുതുക്കാട് റെയിൽവേ ഗേറ്റ് പൂർണമായി അടച്ചിടേണ്ടിവരുന്നു. ഇതോടെ ഗേറ്റിന് ഇരുവശത്തും വാഹനങ്ങൾ ഏറെനേരം കാത്തുകിടക്കേണ്ടി വരുന്നു.
റെയിൽപാതയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്ലീപ്പറുകൾ മാറ്റുന്നത്. പണി നടക്കുന്ന ഭാഗങ്ങളിൽ വേഗത നിയന്ത്രിച്ചാണ് ട്രെയിനുകൾ കടത്തിവിടുന്നത്. തൃശ്ശൂർ–എറണാകുളം സെക്ഷനിലെ പണികൾ പൂർത്തിയാകാൻ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം പുതുക്കാടും നന്തിക്കര, നെല്ലായി റെയില്‍വേ ഗേറ്റുകളും ഒന്നിച്ച് അടച്ചിടേണ്ടി വന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നെല്ലായി, നന്തിക്കര ഭാഗങ്ങളിലെ സ്ലീപ്പർ മാറ്റുന്നത് പൂർത്തിയായാൽ അവിടുത്തെ റെയിൽവേ ഗേറ്റുകളെ ഈ പ്രശ്‌നം കാര്യമായി ബാധിക്കില്ല. എന്നാൽ സ്ലീപ്പർ മാറ്റുന്നതിൻ്റെ പ്രധാന താവളമായതിനാൽ പുതുക്കാട് ഗേറ്റിലെ ഇപ്പോഴത്തെ ദുരവസ്ഥ തുടരുമെന്ന് ഉറപ്പാണ്.
തൃശ്ശൂർ–എറണാകുളം സെക്ഷനിലെ പണികൾ തുടരുന്നകാലത്തോളം പുതുക്കാട് ഗേറ്റ് അടച്ചിടേണ്ടി വരുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
പുതുക്കാട് സ്റ്റേഷനിലെ സ്ലീപ്പർ മാറ്റൽ തുടരുന്നതിനാൽ പാഴായി, കടലാശ്ശേരി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. പാഴായി, കടലാശ്ശേരി മേഖലകളിലെ ജനങ്ങൾക്ക് തൊട്ടടുത്ത പുതുക്കാട് ടൗണിലേക്കുള്ള പ്രധാന വഴിയാണ് ഈ റെയിൽവേ ഗേറ്റ്. ഗേറ്റ് അടഞ്ഞുകിടക്കുമ്പോൾ മറ്റ് വഴികളിലൂടെ കിലോമീറ്ററുകൾ ചുറ്റിയാണ് ഇവർ പുതുക്കാട് എത്തുന്നത്. ഇവർക്ക്
പുതുക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തുന്നതിനും
അടിയന്തര സാഹചര്യങ്ങളിൽ പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്താനും ഏകദേശം ആറു കിലോമീറ്ററിലേറെ ചുറ്റേണ്ടിവളഞ്ഞ് വരേണ്ട സ്ഥിതിയാണ്. രോഗികളെയും വയോധികരെയും ആശുപത്രിയിലെത്തിക്കേണ്ട സാഹചര്യങ്ങളിൽ ഗേറ്റ് അടഞ്ഞുകിടക്കുന്നത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.
ഗേറ്റിലെ നിയന്ത്രണം പുതുക്കാട്, പാഴായി മേഖലയിലെ ഓട്ടോറിക്ഷ, ബസ് സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഗേറ്റിന് മുന്നിൽ ദീർഘനേരം കാത്തുകിടക്കേണ്ടിവരുന്നത് ബസ് സർവീസുകളുടെ സമയക്രമം താളംതെറ്റിക്കുന്നു. ഓട്ടോറിക്ഷകൾക്കും കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ യാത്രക്കാരെ കാര്യമായി ബാധിക്കുന്നുണ്ട്. വിദ്യാർഥികൾ, വിവിധ ഓഫീസ് ജീവനക്കാർ, രോഗികൾ തുടങ്ങി ദിവസേന ഈ വഴിയെ ആശ്രയിക്കുന്നവരെല്ലാം വലിയ യാത്രാദുരിതമാണ് അനുഭവിക്കുന്നത്.
റെയിൽവേ സ്ലീപ്പർ മാറ്റുന്നജോലികൾ ഇനിയും മാസങ്ങളോളം തുടരുമെന്നിരിക്കെ പാഴായി–കടലാശ്ശേരി മേഖല കൂടുതൽ ഒറ്റപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പുതുക്കാട് ഗേറ്റ് വഴിയുള്ള റോഡ് ഗതാഗതം പരമാവധി തടസ്സമുണ്ടാക്കാതെ റെയിൽവേ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


