മഴക്കാലത്ത് സമാനമായ രീതിയിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പാമ്പിനെ പിടികൂടാറുണ്ട്
കൊച്ചി: കോതമംഗലത്ത് ഊന്നുകല്ലിലെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടി കൂടി. ഊന്നു കല്ലിൽ ഒരു സ്വകാര്യ വ്യക്തിയുടെ കോഴിക്കൂട്ടിൽ കയറി ഇന്ന് രാവിലെ രണ്ട് കോഴികളെ പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു. പാമ്പിനെ കണ്ട വീട്ടുകാർ വാർഡ് മെമ്പർ ജിൻസി മാത്യുവിനെ വിവരമറിയിച്ചു. മെമ്പർ തടിക്കുളം ഫോറസ്റ്റ് ഓഫിസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ബി എഫ് ഒ നൂറുൽ ഹസനോടൊപ്പം എത്തിയ പ്രമുഖ പാമ്പുപിടുത്ത വിദഗ്ധൻ സി കെ വർഗ്ഗീസ് പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ വനത്തിൽ തുറന്നു വിട്ടു. മലവെള്ളപ്പാച്ചിലിനോടൊപ്പം എത്തിയതാകാം പാമ്പെന്നാണ് നിഗമനം. മഴക്കാലത്ത് സമാനമായ രീതിയിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പാമ്പിനെ പിടികൂടാറുണ്ട്.
അതേസമയം ഇന്ന് രാവിലെ കോട്ടയത്ത് നിന്ന് പുറത്തുവന്ന മറ്റൊരുവാർത്ത കോട്ടയം ആർപ്പൂക്കരയിൽ രാജവെമ്പാലയെ പിടികൂടിയെന്നതാണ്. പത്തടിയോളം നീളമുള്ള രാജവെമ്പാലയെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടിയത്. തൊണ്ണംകുഴി സ്വദേശി സുജിത്തിന്‍റെ കാറിൽ ഒരു മാസം മുമ്പ് കയറി കൂടിയതാണ് രാജവെമ്പാലയെന്നാണ് സംശയം. മലപ്പുറം വഴിക്കടവിൽ വെച്ച് ഒരു മാസം മുമ്പ് പാമ്പ് കാറിൽ കയറിയതായി കണ്ടിരുന്നതായി കാർ ഉടമ സുജിത്ത് പറഞ്ഞു. കഴിഞ്ഞാഴ്ച വാവ സുരേഷെത്തി കാർ അഴിച്ച് പരിശോധിച്ചിരുന്നു. എന്നാല്‍ പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ സുജിത്തിന്‍റെ വീടിന് 500 മീറ്റർ അപ്പുറത്തുള്ള പുരയിടത്തിൽ നിന്നുമാണ് രാജവെമ്പാലയെ വനം വകുപ്പ് പിടികൂടിയത്. രാജവെമ്പലയെ സാധാരണയായി കാണാത്ത പ്രദേശത്ത്, വാഹനത്തിന് അടിയിൽ കയറി ഇവിടെ എത്തിയതാകമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം. കാസർഗോഡ് കാഞ്ഞങ്ങാട് കഴിഞ്ഞ ദിവസം സമാനമായ സംഭവം ഉണ്ടായിരുന്നു. കാറിന്‍റെ ബോണറ്റില്‍ തലപൊക്കിയ പാമ്പിനെ, ബസ് സ്റ്റാന്‍റ് പരിസരത്ത് കൂടെ നടന്ന് പോകുന്ന വഴിയാത്രക്കാരനാണ് ആദ്യം കണ്ടത്. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്‍റെ ബോണറ്റില്‍ നിന്ന് ഒരാള്‍ തലപൊക്കുന്നു. ആദ്യമൊന്ന് ഞെട്ടി. പരിശോധിച്ചപ്പോള്‍ പാമ്പ്. മറ്റുള്ളവരെ വിവരം അറിയിച്ചു. ആളുകള്‍ കൂടി. പിന്നീട് പാമ്പിനെ പിടികൂടി.
