കിളിമാനൂരിൽ വളർത്തുപട്ടിയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പ് കമ്പിവേലിയിൽ കുടുങ്ങി. ഇരയുടെ വലുപ്പം കാരണം രക്ഷപ്പെടാനാവാതിരുന്ന പാമ്പിനെ, പാമ്പ് പിടുത്തക്കാരൻ എത്തി സുരക്ഷിതമായി പിടികൂടി വനംവകുപ്പിന് കൈമാറി.
കിളിമാനൂർ: പട്ടിയെ വിഴുങ്ങി രക്ഷപ്പെടാൻ ശ്രമിച്ച കൂറ്റൻ പെരുമ്പാമ്പ് ജനവാസ മേഖലയിലെ കമ്പിവേലിയിൽ കുടുങ്ങി. കിളിമാനൂർ പഴയകുന്നുമ്മേലാണ് സംഭവം നടന്നത്. ഏകദേശം ഒൻപതടി നീളവും 20 കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പാണ് കുടുങ്ങിയത്. നാട്ടുകാരന്റെ പുരയിടത്തിലുള്ള കമ്പിവേലിയിലാണ് പാമ്പ് കുടുങ്ങിക്കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരു വളർത്തുപട്ടിയെ പൂർണ്ണമായി വിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്. വലിയ ഇരയെ വിഴുങ്ങിയതിനാൽ പാമ്പിന് വേലിയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്തക്കാരൻ രാജേഷ് തിരുവാമന സ്ഥലത്തെത്തി. ഏറെ പ്രയത്നത്തിനൊടുവിൽ അദ്ദേഹം പെരുമ്പാമ്പിനെ കമ്പിവേലിയിൽ നിന്നും പരിക്കുകൾ കൂടാതെ സുരക്ഷിതമായി പിടികൂടി. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും പാമ്പിനെ അവർക്ക് കൈമാറുകയും ചെയ്തു.


