കുട്ടനാട് കിടങ്ങറയിലുള്ള സ്നേഹതീരം പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന രാധ വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിലേക്ക് മടങ്ങി. നാട്ടിൽനിന്ന് വഴിതെറ്റി കേരളത്തിലെത്തിയ രാധ 13 വർഷമായി സ്നേഹതീരത്തെ അന്തേവാസിയായിരുന്നു. 

മങ്കൊമ്പ്: ഒരു വ്യാഴവട്ടക്കാലത്തിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് രാജസ്ഥാൻ സ്വദേശിനി രാധ (58) ബന്ധുക്കൾക്കൊപ്പം നാട്ടിലേക്ക് മടങ്ങി. ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ കിടങ്ങറയിൽ പ്രവർത്തിക്കുന്ന സ്നേഹതീരം പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായിരുന്നു അവർ. മാനസിക വെല്ലുവിളികൾ മൂലം നാട്ടിൽനിന്ന് വഴിതെറ്റി കേരളത്തിലെത്തിയ രാധ, കഴിഞ്ഞ 13 വർഷമായി ഇവിടെയായിരുന്നു കഴിഞ്ഞിരുന്നത്. സംസ്ഥാന സർക്കാരിന്റെ ‘പ്രത്യാശ’ പദ്ധതിയിലൂടെയാണ് രാധയ്ക്ക് തന്റെ ബന്ധുക്കളെ കണ്ടെത്താനായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്നേഹതീരത്തെ പരിചരണത്തെ തുടർന്ന് രാധ മാനസികനില പൂർണമായും വീണ്ടെടുത്തിരുന്നു. ഒരിക്കലും തിരികെ കിട്ടില്ലെന്ന് കരുതിയ രാധയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ബന്ധുക്കൾ. വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന്റെ സന്തോഷത്തിനൊപ്പം, ഇത്രയും കാലം ഒപ്പം കഴിഞ്ഞിരുന്ന മറ്റു അന്തേവാസികളെ പിരിയുന്നതിന്റെ സങ്കടവും രാധയുടെ മുഖത്തുണ്ടായിരുന്നു. ഫാ. ലിജോ കുഴുപ്പള്ളിയാണ് സ്നേഹതീരം ഡയറക്ടർ.