മലപ്പുറം വളാഞ്ചേരിയിലെ വിദ്യാര്‍ത്ഥിയാണ് സീനിയേഴ്സിനെതിരെ പരാതി നല്‍കിയത്
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന് പരാതി. വളാഞ്ചേരി വി.എച്ച്.എസ്.എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എ പി അഭിനവിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. പത്തോളം പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് അഭിനവ് പറഞ്ഞു.
സ്കൂളില്‍ ഇന്നലെയാണ് സംഭവം നടന്നത്. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ചാണ് തന്നെ മര്‍ദിച്ചതെന്ന് അഭിനവ് പറഞ്ഞു. അഭിനവിന്റെ രക്ഷിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകി. നിലവില്‍ പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തില്‍ സ്കൂള്‍ അധികൃതരും അന്വേഷണം നടത്തുന്നുണ്ട്.
'സിനിമയിലൊക്കെ കാണുന്നപോലെ പിടിച്ചുവെച്ച് ഇടിച്ചു'; എട്ടാംക്ലാസുകാരന് സീനിയേഴ്സിന്‍റെ മര്‍ദ്ദനം
കൊച്ചിയിൽ സീനിയർ വിദ്യാർത്ഥികളുടെ മർദനമേറ്റ എട്ടാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലായ സംഭവം കഴിഞ്ഞ മാസമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊച്ചി ചെമ്പുമുക്ക് അസ്സീസി സ്കൂളിലെ വിദ്യാർത്ഥിയെയാണ് പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മർദിച്ചത്. സംഘം ചേർന്നാണ് വിദ്യാർത്ഥികൾ ആക്രമിച്ചതെന്നു കുട്ടിയുടെ അച്ഛൻ പറഞ്ഞു. കുട്ടിയുടെ നെഞ്ചിലും വയറിലുമാണ് പരിക്കേറ്റത്. അതേസമയം ഉന്തും തള്ളും മാത്രമാണ് നടന്നതെന്നാണ് സ്കൂൾ അധികൃതര്‍ പ്രതികരിച്ചത്.
''വയറിനും നെഞ്ചിനും വേദനയുണ്ടെന്നാണ് മകൻ പറഞ്ഞത്. സ്പോർട്സുമായി ബന്ധപ്പെട്ട് സീനിയേഴ്സുമായി എന്തോ പ്രശ്നമുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. സ്കൂളല്ലേ ടീച്ചർമാർ നോക്കിക്കൊള്ളുമെന്ന് ഞാൻ പറഞ്ഞു. പിന്നീട് സ്കൂളിൽ നിന്ന് വിളിച്ചിട്ട് പറഞ്ഞത്, മോനെ സീനിയേഴ്സ് ചേർന്ന് ഇടിച്ചു. ചോര ഛർദ്ദിച്ചിട്ടുണ്ട്. പെട്ടെന്ന് ആശുപത്രിയിലേക്ക് വരണമെന്നാണ്. അഞ്ച് കുട്ടികളെ സസ്പെൻഡ് ചെയ്തു എന്നാണ് അധ്യാപകർ പറഞ്ഞത്. ഇങ്ങനെ സംഭവിച്ചതിൽ എനിക്കും ഷോക്കായി. സിനിമയിലൊക്കെ ഗുണ്ടകൾ കാണിക്കുന്നത് പോലെ പിടിച്ചു വച്ച് ഇടിച്ചു എന്നാണ് പറഞ്ഞത്''- കുട്ടിയുടെ അച്ഛൻ പറഞ്ഞു.

