Asianet News MalayalamAsianet News Malayalam

വലിയ ലക്ഷ്യവുമായി രഹ്ന ബീഗം യാത്ര തുടങ്ങുകയാണ്, കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക്!

 

ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സന്ദേശവുമായി കന്യാകുമാരി മുതൽ കാശ്മീർ വരെ ബൈക്ക് യാത്ര ആരംഭിച്ച് യുവതി

Rahna Begum s bike ride from Kanyakumari to Kashmir Big goal ahead  ppp
Author
First Published Jul 30, 2023, 4:08 PM IST

തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സന്ദേശവുമായി കന്യാകുമാരി മുതൽ കാശ്മീർ വരെ ബൈക്ക് യാത്ര ആരംഭിച്ച് യുവതി. കണിയാപുരം സ്വദേശി ജെ ആർ രഹ്ന ബീഗമാണ് കന്യാകുമാരി മുതൽ കാശ്മീർ വരെ ബൈക്കിൽ യാത്ര ചെയ്യുന്നത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് കേരള പൊലീസ് കമാണ്ടൻ്റ് സിജി മോൻ ജോർജ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. 

രാവിലെ പത്ത് മണിയോടെ യാത്ര കഴക്കൂട്ടത്ത് നിന്നും കന്യാകമാരിയിലേക്ക് തിരിച്ചു. നാളെ രാവിലെ ലഹരി വിരുദ്ധ സന്ദേശവുമായി കന്യാകുമാരിയിൽ നിന്ന് തിരിക്കും. 105 മണിക്കൂർ കൊണ്ട് കന്യാകുമാരിയിൽ നിന്നും കാശ്മീരിൽ എത്തി റെക്കോർഡ് സ്ഥാപിക്കുക കൂടിയാണ് ലക്ഷ്യം. 15 വയസു മുതൽ ബൈക്ക് ഓടിച്ചു തുടങ്ങിയ രഹ്ന കഴിഞ്ഞ വർഷം മാർച്ചിൽ മൂന്നാറിലാണ് ആദ്യത്തെ റൈഡ് പോകുന്നത്. പിന്നീട് 450 കിലോമീറ്റർ കൊടൈക്കനാലിലേക്ക് 10 മണിക്കൂർ കൊണ്ട് യാത്ര നടത്തിയിരുന്നു. 

മൈസൂരിലേക്കും 700 കിലോമീറ്റർ 12 മണിക്കൂർ കൊണ്ടും, ഗോവയിൽ 1200 കിലോമീറ്റർ രണ്ട് ദിവസം കൊണ്ടുംയാത്ര ചെയ്തതിനുശേഷം ആണ് കന്യാകുമാരി മുതൽ കാശ്മീരിലേക്ക് രഹ്ന യാത്ര തിരിക്കുന്നത്. 3859 കിലോമീറ്റർ അഞ്ചുദിവസം കൊണ്ട് യാത്ര ചെയ്യുമെന്നാണ് രഹന പറയുന്നത്.യാത്രയ്ക്ക് സിആർപിഎഫിന്റെ പിന്തുണയുണ്ട്.ട്രാവൻകൂർ റോയൽ എൻഫീൽഡ് ക്ലബ്ബാണ് യാത്രക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തത്.

Read more: വിഴിഞ്ഞത്തിന് മുൻപ് രാജ്യാന്തര നിലവാരത്തിലേക്ക് കേരളത്തിലെ മറ്റൊരു തുറമുഖം; വിദേശ കപ്പലുകൾ ഇനി നേരിട്ടെത്തും

 അടുത്തിടെയാണ് കുട്ടകളിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികൾ പ്രഖ്യാപിച്ച് മുന്നോട്ടുവന്നത്. കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പൊലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു. വിദ്യാർത്ഥികൾക്കിടയിലെ മയക്കു മരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിർബന്ധമായും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. 2022 -23 അക്കാദമിക വർഷം 325 കേസുകൾ വിവിധ സ്‌കൂളുകളിൽ അദ്ധ്യാപകരുടെയും അധികൃതരുടെയും ശ്രദ്ധയിൽപ്പെട്ടെങ്കിലും 183 കേസുകൾ മാത്രമാണ് എന്‍ഫോഴ്സ്മെന്‍റ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ പ്രവണത പ്രോത്സാഹിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

ക്ലാസിലും വീട്ടിലും സ്വഭാവത്തിലോ പെരുമാറ്റത്തിലോ വ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തിയാൽ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്. ഇതിനായി എക്‌സൈസ്, പൊലീസ് അധികൃതരെ രഹസ്യമായി വിവരം അറിയിച്ച് മെഡിക്കൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കാൻ അദ്ധ്യാപകർ ശ്രദ്ധിക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ജൂലൈ 31നകം എല്ലാ വിദ്യാലയങ്ങളിലും സമിതികൾ യോഗം ചേർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. വിവിധ ജില്ലകളിലെ 382 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്ത് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വിദ്യാലയങ്ങളെ പ്രത്യേകമായി കണ്ട് നോ ടു ഡ്രഗ്‌സ് ക്യാമ്പയിനിന്റെ സ്‌പെഷ്യൽ ഡ്രൈവ് ആസൂത്രണം ചെയ്യണം. ആവശ്യമായ പിന്തുണ നൽകാൻ പൊലീസ് വകുപ്പിന് നിർദ്ദേശം നൽകും. സ്‌കൂൾ പരിസരങ്ങളിൽ പോലീസ്, എക്‌സൈസ് വകുപ്പുകളുടെ നിരന്തര നിരീക്ഷണം ഏർപ്പെടുത്തണം. സ്‌കൂളുകളിൽ പ്രദേശിക തലങ്ങളിലുള്ള ജാഗ്രത സമിതികളുടെ നിരീക്ഷണവും ശക്തിപ്പെടുത്തണമെന്നും യോഗത്തില്‍ തീരുമാനിച്ചു.


വീടുകളിൽ സ്വഭാവ വ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ രക്ഷകർത്താക്കൾ അധ്യാപകരെയും, സ്‌കൂളുകളിലെ വിവരങ്ങൾ രക്ഷകർത്താക്കളെയും പരസ്‍പരം അറിയിക്കുന്നതിനുള്ള സൗകര്യം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുക്കണം. നോ ടു ഡ്രഗ്‌സ് ക്യാമ്പയിൻ രണ്ടാം ഘട്ടം അവസാനിക്കുമ്പോൾ തന്നെ മൂന്നാം ഘട്ടം ആരംഭിക്കുന്നതിനെക്കുറിച്ച് സൂചന നൽകിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2023 ജൂൺ 26ന് ആന്റി നാർക്കോട്ടിക് ദിനത്തിൽ വിദ്യാർത്ഥികളുടെ  പാർലമെന്റോടെ ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നത്. 2024 ജനുവരി 30ന് അവസാനിപ്പിക്കും വിധം  മൂന്നാം ഘട്ടം ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഒക്ടോബർ രണ്ടിന് കുട്ടികളുടെ വാസപ്രദേശങ്ങളിൽ ജനങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള സംവാദ സദസും നവംബർ ഒന്നിന് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ നവകേരളം സന്ദേശം എല്ലാ വീട്ടിലും എത്തിക്കുന്ന പരിപാടിയും നടക്കും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios