2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് എംപിയായ ശേഷം 3 വര്‍ഷവും 8 മാസവും 21 ദിവസങ്ങള്‍ക്കും ഇടയിലാണ് വിരലിലെണ്ണാവുന്ന സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം.  

ബത്തേരി: വയനാട് എംപി ആയതിന് ശേഷം രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡത്തില്‍ എത്തുന്നത് ഇത് 15ാം തവണ. 2019 മുതല്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത് 15 തവണയെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് എംപിയായ ശേഷം 3 വര്‍ഷവും 8 മാസവും 21 ദിവസങ്ങള്‍ക്കും ഇടയിലാണ് വിരലിലെണ്ണാവുന്ന സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം.

17ാം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വണ്ടൂര്‍, നിലമ്പൂര്‍, എറനാട്, തിരുവമ്പാട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി അടക്കം മൂന്ന് ജില്ലകളിലായി വികസിച്ച് കിടക്കുന്ന മണ്ഡലത്തിലേക്ക് എത്തിയതിന്‍റെ കണക്കാണ് ഇത്. മണ്ഡലത്തില്‍ വോട്ട് ചെയ്തവരുടെ 64.67 ശതമാനം വോട്ട് നേടിയായിരുന്നു രാഹുലിന്‍റെ വയനാട് മണ്ഡലത്തിലെ മിന്നുന്ന വിജയം. 706367 വോട്ടുകളായിരുന്നു രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ നേടിയത്. 15 തവണകളിലെ സന്ദര്‍ശനത്തില്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങളാണ് രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലത്തില്‍ തങ്ങിയത്. 

മിന്നുന്ന വിജയത്തിന് മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാനായി ആയിരുന്നു രാഹുലിന്‍റെ ആദ്യ സന്ദര്‍ശനം. ജൂണ്‍ 7 മുതല്‍ 9 വരെ ആയിരുന്നു ഈ സന്ദര്‍ശനം നീണ്ടത്. ഇതിന് പിന്നാലെ 2019ല്‍ 3 തവണയും 2020ല്‍ രണ്ട് തവണയും 2021ല്‍ അഞ്ച് തവണയും 2022ല്‍ മൂന്ന് തവണയും 2023ല്‍ ഒരു തവണയുമാണ് രാഹുല്‍ വയനാട് മണ്ഡലത്തിലെത്തിയത്. നാല് വര്‍ഷത്തിനിടയില്‍ സ്വന്തം മണ്ഡലത്തില്‍ ചെലവിട്ട സമയം വളരെ ശുഷ്കമാണെന്ന് വ്യാപക ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായി ഉയരുന്നുണ്ട്. ഇതിനെ രാഹുല്‍ മണ്ഡലത്തില്‍ ഇല്ലെങ്കിലും രാഹുലിന്‍റെ ഓഫീസിന്‍റെ പ്രവര്‍ത്തനം സജീവമാണ് എന്ന പ്രതിരോധത്തിലാണ് കോണ്‍ഗ്രസുകാര്‍ നേരിടുന്നത്. 

അമേഠിയില്‍ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് വന്‍ തോല്‍വി നേരിട്ട രാഹുല്‍ നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വയനാട് മണ്ഡലത്തില്‍ ജയിച്ചത്. സ്ഥിരം സീറ്റായിരുന്ന അമേഠിയില്‍ രാഹുലിന്‍റെ തോല്‍വി കോണ്‍ഗ്രസിന് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. 1980 മുതല്‍ 2014 വരെ നെഹ്റു കുടുംബത്തിലെ നേതാക്കളുടെ സ്ഥിരം സീറ്റ് കൂടിയായിരുന്നു അമേഠി.