കുട്ടനാട്ടിലെ തലവടി, മുട്ടാർ പഞ്ചായത്തുകളിലെ സ്കൂളുകൾക്കും അംഗനവാടികൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയുണ്ട്.
ആലപ്പുഴ: കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്കൂൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ കളക്ടര്‍. കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാർ ഗ്രാമപഞ്ചായത്തുകളിൽ വെള്ളപ്പൊക്കം ഉള്ളതിനാൽ ഈ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്കൂളുകൾക്കും അംഗനവാടികൾക്കും നാളെ അവധി നൽകി ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം, പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി ജില്ല കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് സ്കൂളുകളാണ് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്നത്. ഈ സ്കൂളുകൾക്ക് പുറമെ സുരക്ഷ മുൻനിർത്തിക്കൊണ്ട് മറ്റ് 15 സ്കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.
സംസ്ഥാനത്ത് മഴയ്ക്ക് ശമനം വന്നിരിക്കുകയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് അടുത്ത മൂന്ന് ദിവസത്തേക്ക് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചത്. ബാക്കിയെല്ലാ ജില്ലകളിലും സാധാരണ നിലയിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. രാജസ്ഥാന് മുകളിലെ ന്യൂന മർദ്ദം ശക്തി കുറയുന്നതും അതോടൊപ്പം അറബികടലിൽ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന ന്യൂന മർദ്ദ പാത്തി ദുർബലമായതുമാണ് മഴ കുറയാൻ കാരണം. ഇനിയുള്ള ദിവസങ്ങളിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ചു മഴ കുറയും. അതേസമയം, വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്.
