പ്രശസ്തമായ 'രാജാകേശവദാസ്' ചുണ്ടൻ വള്ളം ഇനി തലവടിക്ക് സ്വന്തം. തലവടി സ്വദേശി കൊച്ചുതോട്ടക്കാട്ട് ആർ സോമനാഥൻപിള്ള വള്ളം ഏറ്റെടുത്തു. ഒരു നൂറ്റാണ്ടിന്റെ ചരിത്രവും പാരമ്പര്യവും പേറുന്ന ചുണ്ടൻ വള്ളമാണ് വലിയ ദിവാൻജി എന്നറിയപ്പെടുന്ന രാജാകേശവദാസ്.
എടത്വാ: ഒരു നൂറ്റാണ്ടിന്റെ ചരിത്രവും പാരമ്പര്യവും പേറുന്ന പ്രശസ്തമായ 'രാജാകേശവദാസ്' (വലിയ ദിവാൻജി) ചുണ്ടൻ വള്ളം ഇനി തലവടിക്ക് സ്വന്തം. വള്ളത്തിന്റെ പേരും പെരുമയും നിലനിർത്തുന്നതിന്റെ ഭാഗമായി തലവടി സ്വദേശി കൊച്ചുതോട്ടക്കാട്ട് ആർ സോമനാഥൻപിള്ളയാണ് വള്ളം ഏറ്റെടുത്ത് പുനർനിർമ്മിച്ചത്.
നെടുമുടി എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട ഈ വള്ളം ആദ്യകാലത്ത് 'നെടുമുടി തെക്കേമുറി ചുണ്ടൻ' എന്നാണ് അറിയപ്പെട്ടിരുന്നത്. ഏകദേശം 128 അംഗുലം നീളവും 107 തുഴച്ചിൽക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതുമാണ് ഇതിന്റെ ഘടന.
1949ഓടെ ആയാപറമ്പ് എൻഎസ്എസ് കരയോഗം വള്ളം സ്വന്തമാക്കിയതിനെ തുടർന്ന്, ആലപ്പുഴ നഗരത്തിന്റെ ശിൽപിയും സ്ഥാപകനുമായ ദിവാൻ രാജാ കേശവദാസിന്റെ സ്മരണാർത്ഥം 'വലിയ ദിവാൻജി' എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. വള്ളത്തിന്റെ സവിശേഷമായ കൂമ്പിന്റെ രൂപഭംഗി കാരണം 'കൂമ്പിലെ വമ്പൻ' എന്നും ഇത് അറിയപ്പെടുന്നു. ചക്രത്തിന്റെ ഇരുവശങ്ങളിലേക്കും പിണഞ്ഞുനിൽക്കുന്ന നാഗങ്ങളും താമരയിതളുകളും ഈ കൂമ്പിനെ ആകർഷകമാക്കുന്നു. അമരത്തിന്റെ ഒരു വശത്ത് 'രാജാ കേശവദാസ്' എന്നും മറുവശത്ത് 'വലിയ ദിവാൻജി' എന്നുമാണ് ആലേഖനം ചെയ്തിരിക്കുന്നത്.
1952ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ആലപ്പുഴ സന്ദർശനത്തോടനുബന്ധിച്ച് നടന്ന ചരിത്രപ്രസിദ്ധമായ ജലഘോഷയാത്രയിൽ അണിനിരന്ന എട്ട് ചുണ്ടൻ വള്ളങ്ങളിൽ വലിയ ദിവാൻജിയും ഉൾപ്പെട്ടിരുന്നു. പിന്നീട് നെഹ്റു ട്രോഫി വള്ളംകളിയായി വളർന്ന ആ ചരിത്രസംഭവത്തിന്റെ ഭാഗമാകാനും ഈ വള്ളത്തിന് കഴിഞ്ഞു. 1979ലും 1981ലും നെഹ്റു ട്രോഫി സ്വന്തമാക്കാനും ഈ ചുണ്ടന് സാധിച്ചിട്ടുണ്ട്.
2016 ജൂലൈയിൽ വലിയ ദിവാൻജിയുടെ മത്സരപാരമ്പര്യം തുടരുന്നതിനായി പുതിയ ചുണ്ടൻ നീരണിഞ്ഞിരുന്നു. ഒരു നൂറ്റാണ്ടിനോടടുക്കുന്ന ഓർമ്മകളും ശിൽപഭംഗിയും പേറുന്ന വലിയ ദിവാൻജി, തലമുറകളെ ബന്ധിപ്പിക്കുന്ന പൈതൃകമായി ഇനി തലവടി കരയിൽ നിലകൊള്ളും. തലവടിയിൽ എത്തിച്ച വള്ളത്തിന് തലവടി ഗണേശസേവ സമിതിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.






