ഇടുക്കി: രാജാക്കാട് സർവ്വേ സൂപ്രണ്ട് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥർ മടങ്ങിയതോടെ പൊലീസ് എത്തി മറ്റൊരു താഴിട്ട് പൂട്ടി. ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് സി പി ഐ നേതാക്കളും രംഗത്തെത്തി. സന്ധ്യയോടെയാണ് ഓഫീസ് തുറന്ന് കിടക്കുന്നത് നാട്ടുകരുടെ ശ്രദ്ധയിൽപ്പെട്ടത്. രണ്ട് ഷട്ടർ മുറികളുള്ള ഓഫീസ് അടയ്ക്കാതെ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. 

രാജാക്കാട് ടൗണിനോട് ചേർന്നുള്ള ഓഫീസിൽ റീസർവ്വേ നടപടികളുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള രേഖകൾ ഉണ്ട്. ഉദ്യോസ്ഥരുടെ ഉത്തരവാദത്തം ഇല്ലായ്മയാണ് ഓഫീസ് പൂട്ടാതെ പോകാൻ കാരണം. മുൻപും റീസർവ്വേ നടപടികളിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നതായി കാണിച്ച് ഏറെ വിവാദങ്ങൾക്ക് കാരണമായ ഓഫീസാണിത്.

നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് രാജാക്കാട് സബ് ഇൻസ്പെക്ടർ സ്ഥലത്തെത്തി മറ്റൊരു പൂട്ട് സംഘടിപ്പിച്ച് ഓഫീസ് അടച്ചു. സംഭവം അറിഞ്ഞ ഇടുക്കി കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് കാരണം ചേദിച്ചതായാണ് വിവരം. ജോലിയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.