റാന്നി കീക്കൊഴൂർ സ്വദേശി രഞ്ജിതയെ വെട്ടിക്കൊന്ന കേസിൽ പ്രതി അതുൽ സത്യന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. രഞ്ജിത നൽകിയ പോലീസ് പരാതിയിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മക്കളുടെ മുന്നിലിട്ടാണ് പ്രതി രഞ്ജിതയെ ക്രൂരമായി കൊലപ്പെടുത്തിയത്

പത്തനംതിട്ട: റാന്നിയെ നടുക്കിയ കീക്കൊഴൂർ സ്വദേശി രഞ്ജിത കൊലക്കേസിൽ ശിക്ഷ വിധിച്ച് കോടതി. രഞ്ജിതയെ വെട്ടിക്കൊന്ന കേസിൽ പ്രതി അതുൽ സത്യന് ജീവപര്യന്തം കഠിനതടവാണ് ശിക്ഷ. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. രഞ്ജിതയ്‌ക്കൊപ്പം താമസിച്ചിരുന്ന അതുൽ സത്യൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2023 ജൂൺ 24 നായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. രഞ്ജിതയുടെ അച്ഛനെയും അമ്മയെയും പ്രതി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. മക്കളുടെ മുന്നിലിട്ടാണ് പ്രതി രഞ്ജിതയെ ക്രൂരമായി വെട്ടിക്കൊന്നത്. മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള അതുൽ സത്യനെതിരെ രഞ്ജിത പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ വിചാരണ പൂർത്തിയാക്കി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

വിശദവിവരങ്ങൾ

2023 ജൂൺ 24 നായിരുന്നു ക്രൂരകൊലപാതകം. രഞ്ജിതയ്ക്കൊപ്പം താമസിച്ചുവരികയായിരുന്നു അതുൽ. വീട്ടുവഴക്കും ഉപദ്രവവും പതിവായിതോട് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചു. റാന്നി പൊലീസിൽ പരാതി നൽകിയതിന്‍റെ വിരോധത്തിലായിരുന്നു അന്ന് രാത്രി തന്നെ അതുൽ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊന്നു. തടയാൻ ശ്രമിച്ച രഞ്ജിതയുടെ മാതാപിതാക്കളെയും പ്രതി ആക്രമിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ സത്യൻ. ജീവപര്യന്തം കഠിന തടവിനൊപ്പം മൂന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ഈ തുക മരിച്ച രഞ്ജിതയുടെ കുട്ടികൾക്ക് നൽകാൻ കോടതി ഉത്തരവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം