സാധുവായ ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കിയ സംഭവത്തിൽ വിമാനക്കമ്പനി യാത്രക്കാരന് ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കൊച്ചി ഉപഭോക്തൃ കോടതി ഉത്തരവ്
കൊച്ചി: സാധുവായ ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കിയ സംഭവത്തിൽ വിമാനക്കമ്പനി യാത്രക്കാരന് ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കൊച്ചി ഉപഭോക്തൃ കോടതി ഉത്തരവ്. ഖത്തർ എയർവേയ്സിനെതിരെയാണ് നടപടി. കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
2018ൽ ബെച്ചു കുര്യൻ തോമസ് ഹൈക്കോടതി അഭിഭാഷകനായിരിക്കെയാണ് പരാതിക്കിടയാക്കിയ സംഭവം. നെടുമ്പാശ്ശേരിയിൽ നിന്നും സ്കോട്ലാൻഡിലേക്കായിരുന്നു ബെച്ചു കുര്യൻ തോമസും സുഹൃത്തുക്കളും ഖത്തർ എയർവേയിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തതത്.
ദോഹ വഴിയായിരുന്നു യാത്രാ ടിക്കറ്റ്. എന്നാൽ ദോഹയിൽ നിന്ന് എഡിൻബറോയിലേക്കുള്ള യാത്രയാണ് തടസ്സപ്പെട്ടത്. ഇത് മൂലം വ്യക്തിപരമായ നഷ്ടം ഉണ്ടായെന്നും പരാതിപ്പെട്ട തന്നെ വിമാനക്കമ്പനി അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. നഷ്ടപരിഹാരം 30 ദിവസത്തിനകം നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശയോടെ നൽകണമെന്നും ഉപഭോക്തൃകോടതി നിർദ്ദേശിച്ചു. ജഡ്ജ് ആയതിനാൽ അഡ്വക്കേറ്റ് കമ്മിഷനെ വെച്ചായിരുന്നു വിസ്താരം നടത്തിയത്.
അതേസമയം, ഏറെ ശ്രദ്ധ നേടിയ മറ്റൊരു ഉപഭോക്തൃ കോടതി വിധി അടുത്തിടെ പുറത്തുവന്നിരുന്നു. ഇറങ്ങാനുള്ള സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ സ്റ്റോപ്പില്ലെന്ന പറഞ്ഞ് യാത്രക്കാരനെ നിർബന്ധിച്ച് പാതിവഴിയിൽ ഇറക്കിവിട്ടെന്ന പരാതിയിൽ ബസ് ഉടമയ്ക്കും കണ്ടക്ടര്‍ക്കും എതിരെയായിരുന്നു ഈ ഉപഭോക്തൃ കോടതി വിധി. കണ്ടക്ടറും ബസ് ഉടമയും ചേര്‍ന്ന് യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃ കോടതി വിധിച്ചത്. കണ്ണൂരിലാണ് സംഭവം. കണ്ണൂര്‍ - പയ്യന്നൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മാധവി മോട്ടോഴ്സിന്‍റെ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ കണ്ടക്ടര്‍ക്കും ബസിന്‍റെ ഉടമയ്ക്കുമാണ് പിഴ ശിക്ഷ ലഭിച്ചത്.
കണ്ണൂരില്‍ നിന്നും കയറി കല്യാശേരിയില്‍ ഇറങ്ങേണ്ട തന്നെ ബസ് കണ്ടക്ടറും ക്ലീനറും അപമാനിച്ച് പുതിയ തെരുവില്‍ ഇറക്കി വിടുകയായിരുന്നു എന്ന് പരാതിക്കാരനായ കണ്ണൂരിലെ ചിത്രകാരന്‍ കൂടിയായ ശശികല പറയുന്നു. 2018 ഓഗസ്റ്റ് 15നാണ് കേസിന് ആസ്‍പദമായ സംഭവം. രാവിലെ 10.20ന് കല്യാശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഒരു കല്യാണ ചടങ്ങില്‍ പങ്കെടുക്കാനാണ് കണ്ണൂരില്‍ നിന്നും പരാതിക്കാരൻ ബസില്‍ കയറിയത്. കല്യാശേരിയിലേക്ക് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായ കണ്ടക്ടര്‍ അവിടെ നിര്‍ത്തില്ലെന്ന് പറയുകയും ദേഷ്യപ്പെടുകയും ചെയ്തു. തുടർന്ന് യാത്രക്കാരനെ ക്ലീനറുടെ സഹായത്തോടെ ബസില്‍ നിന്നും പുതിയതെരു സ്റ്റോപ്പില്‍ നിര്‍ബന്ധിച്ച് ഇറക്കി വിടുകയായിരുന്നു.
