മൂന്നാര്‍: കൊവിഡ് കാലത്ത് സര്‍ക്കാര്‍ അനുവദിച്ച സൗജന്യറേഷന്‍ രാത്രിയുടെ മറവില്‍  മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച റേഷന്‍ കടയുടമ അറസ്റ്റില്‍. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിലെ 49ാം റേഷന്‍ കടയുടമ ത്യാഗരാജനാണ് അറസ്റ്റിലായത്. അര്‍ദ്ധരാത്രിയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍. ശ്രീകുമാര്‍, റേഷന്‍ ഇന്‍സ്പെക്ടര്‍ രാജീവ്, ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.

നാല് ടണ്ണോളം വരുന്ന ഭക്ഷ്യവസ്തുവാണ് അനധികൃതമായി വാഹനത്തില്‍ കയറ്റി സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുവാന്‍ ശ്രമിച്ചത്. മൂന്നാര്‍ ഡി.വൈ.എസ്.പി എം. രമേഷ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. കടയുടമയുടെ ലൈസന്‍സ് താല്‍ക്കാലികമായി മരവിച്ച് കട പൂട്ടി സീല്‍ വയ്ക്കുകയും ചെയ്തു. 

ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുവാനുള്ള റേഷന്‍ വസ്തുക്കള്‍ കഴിഞ്ഞയാഴ്ചയാണ് കടയിലെത്തിച്ചത്. എന്നാല്‍ ഈ റേഷന്‍ പലര്‍ക്കും നല്‍കുവാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. ഭിന്നശേഷിക്കാരുടെ അര്‍ഹമായ റേഷന്‍ പോലും നല്‍കാതെ തടഞ്ഞുവച്ചിരുന്ന കടയുടമയെക്കുറിച്ച് നിരവധി ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. റേഷന്‍ കടയില്‍ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വരികയും ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം രാത്രി ഭക്ഷ്യവസ്തുക്കള്‍ കയറ്റുവാന്‍ ലോറി എത്തിയതോടെ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ മിന്നല്‍ റെയ്ഡ് നടത്തുവാന്‍ തീരുമാനിച്ചത്. രാത്രി 9 മണിയോടെ എത്തിയ വാഹനത്തില്‍ 55 ചാക്ക് അരിയും 14 ചാക്ക് ഗോതമ്പും കയറ്റുകയും ചെയ്തു. ഇതാണ് സപ്ലേ ഓഫീസര്‍ എന്‍. ശ്രീകുമാറിന്റെ നേത്യത്വത്തില്‍ പിടികൂടിയത്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചാക്കുകളിലും വിതരണം ചെയ്യുവാനുള്ള വസ്തുക്കളുടെ എണ്ണത്തില്‍ പൊരുത്തക്കേടുകളും കണ്ടെത്തി. 

കടയോട് ചേര്‍ന്നുള്ള കെട്ടിടങ്ങളില്‍ അരി ചാക്കുകള്‍ പൂഴ്ത്തി വച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. റേഷന്‍ കടയുടമയ്ക്ക് എതിരെ നിരവവധി പരാതികള്‍ ഉയര്‍ന്നതോടെ കഴിഞ്ഞയാഴ്ച ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ ഇവിടെയെത്തി പരിശോധനങ്ങള്‍ നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് കടയിലെത്തിയ മൂന്നാര്‍ പൊലീസ് കടയുടമയ്ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ശേഷം റേഷന്‍ കട സീല്‍ വച്ച് പൂട്ടുകയും ചെയ്തു. താല്‍ക്കാലികമായി കടയുടമയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. കടയുടമയുടെ ലൈസന്‍സ് താല്‍ക്കാലികമായി മരവിപ്പിച്ച് കട സീല്‍ ചെയ്തെങ്കിലും ഉപഭോക്താക്കള്‍ക്കുള്ള റേഷന്‍ തടസ്സം കൂടാതെ വിതരണം ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.