കൽപ്പറ്റ: സംസ്ഥാനത്തെ ഏറ്റവും വലിയ റേഷൻ കൊള്ളയിൽ കടയുടമ അറസ്റ്റിൽ. വെള്ളമുണ്ട മൊതക്കര വാഴയില്‍ അഷ്‌റഫ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ പേരിലുള്ള എ.ആര്‍.ഡി മൂന്ന് നമ്പര്‍ ഷാപ്പില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയെന്ന പരാതിയിലാണ് കടയുടമ തന്നെ കുടുങ്ങിയത്. 257 ചാക്ക് സാധനങ്ങള്‍ റേഷന്‍കടയില്‍ നിന്നും മോഷണം പോയെന്ന പരാതി സംഭവ ദിവസം തന്നെ പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലായിരുന്നു. 

ഇത്രയും ചാക്കുകൾ വാഹനത്തിൽ കയറ്റാൻ ഏറ്റവും ചുരുങ്ങിയത് രണ്ടര മണിക്കൂർ വേണമെന്ന് കയറ്റിറക്ക് മേഖലയിലെ പരിചയ സമ്പന്നർ പോലീസിനോട് പറഞ്ഞിരുന്നു. മണിക്കൂറുകൾ സമയമെടുത്ത് ചാക്കുകൾ വാഹനത്തിൽ കയറ്റുമ്പോൾ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല എന്നതും സംശയമുളവാക്കിയിരുന്നു.

Read More: വയനാട്ടിൽ സംസ്ഥാനത്തെ ഏറ്റവും വലിയ റേഷൻ കൊള്ള ; പൂട്ട് തകര്‍ത്ത് 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും കടത്തി

മൊതക്കര ടൗണിൽ മോഷണം നടന്ന കടയുടെ സമീപത്ത് തന്നെ നിരവധി വീടുകളും ബസ് ജീവനക്കാരുടെ താമസസ്ഥലവും ഉണ്ട്. ആരുടെയും കണ്ണിൽപ്പെടാതെ മണിക്കൂറുകൾ എടുത്ത് മോഷണം നടത്തുകയെന്നത് അസാധ്യമായിരുന്നു. പകുതിയോളം ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടുന്ന 1200 കാർഡുകളാണ് റേഷന്‍ കടയ്ക്ക് കീഴിലുള്ളത്. 

Read More: റേഷന്‍കടയിലെ മോഷണത്തില്‍ വന്‍ ട്വിസ്റ്റ്: ഉടമ തന്നെ പ്രതിയെന്ന് പൊലീസ് കണ്ടെത്തി