Asianet News MalayalamAsianet News Malayalam

ഒരുനേരത്തെ അന്നത്തിനായി തെരുവില്‍ പാടിയപ്പോള്‍ തൊണ്ടയിടറി, സഹായത്തിന് പാട്ടുപാടാനെത്തി ആതിര - വീഡിയോ

സ്കൂള്‍ തുറക്കുന്നത് സംബന്ധിയായ അവസാന വട്ട ഒരുക്കങ്ങള്‍ക്കായി സാധനം വാങ്ങാനായി ടൌണിലേക്ക് ഇറങ്ങിയ കൊച്ചുമിടുക്കി ആതിരയാണ് ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി പാടി ജീവിക്കുന്ന യുവതിക്ക് സഹായവുമായി എത്തിയത്

real kerala story from malappuram 10th standard girl sings for muslim family who find living by street singing etj
Author
First Published Jun 3, 2023, 11:42 AM IST

പോത്തുകല്ല്: അന്ധനായ ഭര്‍ത്താവിനൊപ്പം കൈക്കുഞ്ഞുമായി തെരുവില്‍ പാടി ജീവിക്കുന്ന യുവതി ക്ഷീണിതയായപ്പോള്‍ പാടി സഹായിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി. മലപ്പുറം നിലമ്പൂരിലെ പോത്തുകല്ലിലാണ് സംഭവം. സ്കൂള്‍ തുറക്കുന്നത് സംബന്ധിയായ അവസാന വട്ട ഒരുക്കങ്ങള്‍ക്കായി സാധനം വാങ്ങാനായി ടൌണിലേക്ക് ഇറങ്ങിയ കൊച്ചുമിടുക്കി ആതിരയാണ് ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി പാടി ജീവിക്കുന്ന യുവതിക്ക് സഹായവുമായി എത്തിയത്.

വീട്ടില്‍ നിന്ന് ഏറെ ദൂരത്തില്‍ അല്ലാതെയുള്ള ടൌണിലായിരുന്നു കൈക്കുഞ്ഞുമായി യുവതി പാടിക്കൊണ്ടിരുന്നത്. ഏറെ നേരമായി കേട്ടുകൊണ്ടിരുന്ന പാട്ടിലെ ഇടര്‍ച്ചയാണ് പത്താ ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആതിര അനീഷിനെ വേദനിപ്പിച്ചത്. റോഡ് മുറിച്ച് കടന്ന് തെരുവുഗായകര്‍ക്ക് സമീപത്തെത്തി യുവതിയോട് അല്‍പനേരം വിശ്രമിക്കാനാവശ്യപ്പെട്ട ആതിര അതിമനോഹരമായി പാട്ട് പാടിയാണ് സഹായിച്ചത്. തെരുവുഗായകരില്‍ നിന്ന് പെട്ടന്നുണ്ടായ സ്വര വ്യത്യാസം ആളുകള്‍ ശ്രദ്ധിക്കാനും തുടങ്ങിയതോടെ കുടുംബത്തിന് സഹായവുമായി നിരവധിപ്പേരാണ് എത്തിയത്.

മകള്‍ പാട്ട് പാടി യുവതിയെ സഹായിച്ചതിന് കുടുംബത്തിന്‍റെ പൂര്‍ണ പിന്തുണയാണ് ഉള്ളത്. ഏറെ നേരമായി പാടുന്ന യുവതിയുടെ പാട്ടിലെ തളര്‍ച്ച ശ്രദ്ധിച്ചിരുന്നുവെന്ന് ആതിരയുടെ അമ്മ ദീപ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍‌ലൈനിനോട് പ്രതികരിച്ചു. നിരവധിപ്പേര്‍ മകള്‍ പാടുന്നതിന്‍റെ വീഡിയോ എടുത്തിരുന്നുവെന്നും ദീപ പറയുന്നു. 'ഇത്ത ഏറെ നേരമായി പാട്ട് പാടുകയായിരുന്നു, കുഞ്ഞിനെയും പിടിച്ചുള്ള ദീര്‍ഘനേരമായുള്ള പാട്ട് അവരെ ക്ഷീണിപ്പിച്ചിരുന്നു. അതാണ് മകള്‍ ഇത്തരമൊരു സഹായത്തിന് തുനിഞ്ഞതെന്നും' ആതിരയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നിരവധി പേരാണ് ഇതിനോടകം ആതിരയുടെ സഹായത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

എന്തിനും ഏതിനും വര്‍ഗീയ മുഖം നല്‍കപ്പെടുന്ന കാലത്ത് മുസ്ലിം വിഭാഗത്തിലെ ഒരു കുടുംബത്തിനായി ആതിര ചെയ്തത് വലിയ കാര്യമെന്നാണ് നിരവധി പേര്‍ പ്രതികരിക്കുന്നത്. ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്നും നിരവധി പേര്‍ ആതിരയുടെ പാട്ടിന് പ്രതികരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ വൈറലായെങ്കിലും ക്ലാസ് മുടക്കാനൊന്നും തയ്യാറല്ല ആതിര. ഏതാനും വര്‍ഷങ്ങള്‍ പാട്ട് അഭ്യസിച്ചിട്ടുണ്ട് ആതിര. പോത്തുകല്ല് കാത്തോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആതിര. പാതാര്‍ സ്വദേശിയായ ആതിരയുടെ കുടുംബം ഉരുള്‍പൊട്ടലിന് പിന്നാലെ പോത്തുകല്ലില്‍ വാടകയ്ക്കാണ് താമസം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios