വയനാട് ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ കോണ്‍ഗ്രസിന് തലവേദനയായി വിമതര്‍. ജില്ല പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിലെ വിമത സ്ഥാനാര്‍ത്ഥിയായി യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയൽ നാമനിർദേശ പത്രിക നൽകി.
കല്‍പ്പറ്റ: അവസാനദിവസം ജില്ലാ പഞ്ചായത്തുകളിലേക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിച്ച് യുഡിഎഫും എൻഡിഎയും. കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളും ഇന്നാണ് നാമ നർദ്ദേശ പത്രിക നൽകിയത്. ജില്ലയിലെ വിവിധയിടങ്ങളിൽ വിമതർ നാമനിർദ്ദേശപത്രിക നൽകിയത് കോൺഗ്രസിനെ തലവേദനയായി. ജില്ല പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിലെ വിമത സ്ഥാനാര്‍ത്ഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ നാമനിർദേശ പത്രിക നൽകി. നെന്മേനി പഞ്ചായത്തിലെ നാലു വാർഡുകളിൽ മുസ്ലിം ലീഗും കോൺഗ്രസും തമ്മിൽ ആണ് മത്സരം. പനമരം ബ്ലോക്കിൽ സംഷാദ് മരക്കാർക്കെതിരെ മുൻ പഞ്ചായത്ത് പ്രസിഡൻറ് ബിനു ജേക്കബ് മത്സരിക്കുന്നു. എൽഡിഎഫ് ഭിന്നതയുള്ള തിരുനെല്ലി ചേലൂർ വാർഡിൽ സിപിഎം സിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്.
മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ജഷീര്‍ പള്ളിവയൽ
മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് തോമാച്ചുചാലിൽ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെതുടര്‍ന്ന് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജഷീർ പള്ളിവയൽ. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു ജഷീര്‍. പാർട്ടിയിലെ ചില ആളുകൾ സ്ഥാനാർത്ഥിത്വം ഇല്ലാതാക്കാനായി ശ്രമിച്ചു. ജന്മനാട്ടിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് വിലയിരുത്തിയത് വേദനിപ്പിച്ചു. പാർട്ടി തീരുമാനം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജഷീർ പള്ളിവയൽ പറഞ്ഞു.


