മദ്യപിച്ചുള്ള ഇയാളുടെ അതിക്രമത്തിൽ മനംമടുത്ത് ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു
കവിയൂർ: പത്തനംതിട്ട തിരുവല്ല കവിയൂരിൽ മകൻ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ചു. കവിയൂർ സ്വദേശി 75 വയസ്സുള്ള സരോജിനിയെയാണ് മകൻ സന്തോഷ് ക്രൂരമായി മർദ്ദിച്ചത്. തിരുവല്ല പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് സരോജിനിയെ മകൻ സന്തോഷ് മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ചത്. സ്ഥിരം മദ്യപാനിയായ സന്തോഷ് വീട്ടിൽ വഴക്കും പ്രശ്നങ്ങളുമുണ്ടാക്കുന്നത് പതിവാണ്. പല ദിവസങ്ങളിലും മദ്യപിച്ച് എത്തി ഇയാൾ അമ്മ സരോജിനിയെ മർദ്ദിക്കാറുണ്ടന്ന് അയൽവാസികൾ ആരോപിക്കുന്നത്. തടസ്സം പിടിക്കാൻ എത്തുന്ന അയൽവാസികളെയും ഇയാൾ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യാറുണ്ടെന്നാണ് ആരോപണം. അക്രമം പതിവായതോടെയാണ് അയൽവാസികൾ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയത്.
വീട്ടിലെത്തിയാണ് പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. സന്തോഷ് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. മദ്യപിക്കാൻ പണം ആവശ്യപ്പെട്ടാണ് സരോജിനിയെ ഇയാൾ ക്രൂരമായി മർദ്ദിച്ചിരുന്നത്. നാട്ടുകാരും പഞ്ചായത്ത് അംഗവും സന്തോഷത്തിനെതിരെ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
