ഇടുക്കി: ഗുണ്ടുമല ബാലികയുടെ കൊലപാതകത്തിൽ ബന്ധുക്കളുടെ നുണ പരിശോധന അടുത്ത ദിവസം നടക്കും. മൂന്നുപേരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കോടതിയുടെ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. തുടർന്നാണ് പൊലീസ് നടപടികൾ ആരംഭിച്ചത്. സെപ്ടംബർ ഒമ്പതിനാണ് ഗുണ്ടുമല എട്ടുമുറി ലയത്തിൽ അൻപരിയെന്ന ബാലികയെ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. 

ബന്ധുക്കൾ ആത്മഹത്യയെന്ന് പറഞ്ഞെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമെന്ന് മനസിലായി. കുട്ടി പീഡനത്തിന് ഇരയിയതായി പോസ്റ്റുമാട്ടത്തിൽ കണ്ടെത്തുകയും ചെയ്തു. മൂന്ന് സിഐമാരുടെ നേത്യത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചില്ല. 

ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവിൻ്റെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ നടത്തിയ അന്വേഷണം വിഫലമായി. ഇതോടെയാണ് ബന്ധുക്കളെ നുണപരിശോധനയ്ക്ക് ഹാജരാക്കാൻ പൊലീസ് തിരുമാനിച്ചത്. അടുത്ത ദിവസം തന്നെ പരിശോധന നടത്തുമെന്നാണ് സൂചന.