51 വര്‍ഷം ഉപയോഗിച്ച ശേഷമാണ് കാലപ്പഴക്കത്തെ തുടര്‍ന്ന് പഴയ പമ്പ കെട്ടിടം പൊളിച്ചതെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭാ ഹോസ്റ്റലില്‍ എംഎല്‍എമാര്‍ക്കുള്ള പമ്പ ബ്ലോക്കിന്റെ പുനര്‍നിര്‍മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിട്ടു. 11 നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മാണം 2026 ജനുവരി 31നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 10 നിലകളില്‍ 60 അപാര്‍ട്മെന്റുകള്‍, രണ്ട് അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് സംവിധാനം, ഒരു ബഹുനില പാര്‍ക്കിംഗ് സംവിധാനം, ഒരു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന മഴവെള്ള സംഭരണി, 14 പേര്‍ക്ക് വീതം കയറാവുന്ന നാല് ലിഫ്റ്റുകള്‍, 80 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേജ് ഉള്‍പ്പെടെയുള്ള ഹാള്‍, വിശാലമായ ലോഞ്ച്, ജിംനേഷ്യം, കാന്റീന്‍ എന്നീ സൗകര്യങ്ങള്‍ വിഭാവനം ചെയ്യുന്ന കെട്ടിടത്തിന്റെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ്. ഒരു നിലയില്‍ ആറ് അപാര്‍ട്മെന്റുകള്‍ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
നീണ്ട 51 വര്‍ഷം ഉപയോഗിച്ച ശേഷമാണ് കാലപ്പഴക്കത്തെ തുടര്‍ന്ന് പഴയ പമ്പ കെട്ടിടം പൊളിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. നിശ്ചിത സമയത്ത് തന്നെ ഊരാളുങ്കല്‍ സൊസൈറ്റി ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലെ ആര്‍ ശങ്കരന്‍ നാരായണന്‍ തമ്പി ഹാളില്‍ നടന്ന പരിപാടിയില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, പി.എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, നിയമസഭാ ഹൗസിങ് കമ്മിറ്റി ചെയര്‍മാന്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, നിയമസഭാ സെക്രട്ടറി എ.എം ബഷീര്‍, പൊതുമരാമത്തു വകുപ്പ് ചീഫ് എന്‍ജിനിയര്‍ ബീന എല്‍ എന്നിവര്‍ സംസാരിച്ചു.
Read More: ഓണക്കിറ്റ്; പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട നീക്കം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം

