അപകടത്തിന് ഉത്തരവാദിത്തമില്ലെന്നും നിർമാണച്ചുമതല വഹിച്ച കോൺട്രാക്ടറുടെ പിഴവാണെന്നുമാണ് സ്ഥലമുടമയുടെ നിലപാട്. അനധികൃതമായി നിർമ്മിച്ച മതിൽ പൂർണമായി പൊളിച്ചുനീക്കാൻ തഹസീൽദാർ ഉത്തരവിട്ടിട്ടുണ്ട്.
കൊച്ചി: എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ കോട്ടമലയിലുള്ളവർക്ക് പ്രധാന നിരത്തിലിറങ്ങണമെങ്കിൽ ഒന്നര കിലോമീറ്റർ ചുറ്റണം. അനധികൃതമായി നിർമിച്ച കൂറ്റൻ മതിൽ തകർന്നതാണ് 25 കുടുംബങ്ങളെ ദുരിതത്തിലാക്കിയത്. കോട്ടമലയിൽ ഒരു വില്ല പ്രോജക്ടറിന് വേണ്ടിയാണ് ഒരേക്കരോളം സ്ഥലം നികത്തിയതും ആയിരക്കണക്കിന് ലോഡ് മണ്ണിടിച്ചതും. ഈ സ്ഥലത്തിന് ചുറ്റിനും പേരിന് കെട്ടിയ മതിലാണ് തകർന്ന് വീണത്. ഇരുനൂറ് മീറ്ററോളം ദൂരത്തിലാണ് മതിലിടിഞ്ഞത്.
മതിലിടിഞ്ഞ് വീണിടത്തെ മണ്ണ് കോരിമാറ്റിയത് അവിടെ തന്നെ കൂനയായി കൂട്ടിയിട്ടിരിക്കുന്നത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. ഇതുവഴിയുള്ള യാത്ര അപകടകരമായതോടെയാണ് ദുരന്തനിവാരണ നിയമപ്രകാരം കുന്നത്തുനാട് തഹസിൽദാർ പി.പി. റോഡിൽ നിന്നും പഴന്തോട്ടം കനാൽ ബണ്ട് റോഡിലേയ്ക്കുള്ള പൊതുഗതാഗതം നിരോധിച്ചത്. ഇതിലൊരു ഭാഗം വീണത് എമ്പ്രാമഠത്തിൽ കൃഷ്ണകുമാറിന്റെ വീട്ടിലേയ്ക്കാണ്. അപകട സാദ്ധ്യത നിലനില്ക്കുന്നതിനാൽ ഈ കുടുംബത്തെ മണ്ണിടിഞ്ഞ സ്ഥലത്തിന്‍റെ ഉടമ മാറ്റി പാർപ്പിച്ചിച്ചിട്ടുണ്ട്.
നിരവധി കുടുംബങ്ങളാണ് പഴന്തോട്ടം കനാൽ ബണ്ട് റോഡ് ഉപയോഗിക്കുന്നത്. സ്കൂളിൽ പോകുന്ന കുട്ടികളടക്കം ഇപ്പോൾ കിലോമീറ്റർ ചുറ്റിവേണം പ്രധാന റോഡിലേക്കെത്താനെന്ന് റസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് എൻ.ഡി ഗോപാലകൃഷ്ണ മേനോൻ പറഞ്ഞു. മതിൽ പുനസ്ഥാപിക്കണമെന്നും റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്നും കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ പ്രഭാകരനും ആവശ്യപ്പെട്ടു. പക്ഷേ അപകടത്തിന് ഉത്തരവാദിത്തമില്ലെന്നും നിർമാണച്ചുമതല വഹിച്ച കോൺട്രാക്ടറുടെ പിഴവാണെന്നുമാണ് സ്ഥലമുടമയുടെ നിലപാട്. അനധികൃതമായി നിർമ്മിച്ച മതിൽ പൂർണമായി പൊളിച്ചുനീക്കാൻ തഹസീൽദാർ ഉത്തരവിട്ടിട്ടുണ്ട്. പത്ത് ദിവസത്തിനകം പൊളിച്ച് നീക്കിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും തഹസീൽദാർ വ്യക്താക്കി. തുടർനടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിനാണ് നാട്ടുകാരുടെ തീരുമാനം.
വീഡിയോ സ്റ്റോറി കാണാം

Read More : വീട് നിർമ്മാണത്തിനായി അയൽവാസി 15 അടി താഴ്ചയിൽ മണ്ണ് നീക്കി, ദളിത് കുടുംബത്തിന്‍റെ വീട് അപകടാവസ്ഥയിൽ
