Asianet News MalayalamAsianet News Malayalam

മൂന്നാറിൽ വീട് നിർമിക്കാൻ നൽകിയ ഭൂമിയിൽ റിസോ‍ർട്ട്; ലൈസൻസ് റദ്ദ് ചെയ്ത് സബ് കളക്ടർ

മൂന്നാറിലെ സി പി എം മുൻപഞ്ചായത്ത് അംഗത്തിൻ്റ അനധികൃത റിസോർട്ടിൻ്റ ലൈസൻസ് പഞ്ചായത്ത് റദ്ദാക്കി. വീട് നിർമ്മിക്കാൻ നൽകിയ ഭൂമിയിലും സമീപത്തെ ഭൂമി കൈയ്യേറി മറ്റൊന്നും ഉടമ നിർമ്മിച്ചിരുന്നു. 
 

Resort on land allotted for house construction in Idukki; Sub-collector revoked license
Author
Idukki, First Published Nov 12, 2021, 12:25 PM IST

ഇടുക്കി: വീട് നിർമിക്കാൻ നൽകിയ ഭൂമിയിൽ നിർമിച്ച റിസോർട്ടിൻ്റെ ലൈസൻസ് സബ്ബ് കളക്ടറുടെ നിർദേശപ്രകാരം റദ്ദുചെയ്തു. മൂന്നാർ ലക്ഷം കോളനിയിൽ പ്രവർത്തിക്കുന്ന കുറിഞ്ഞി കോട്ടേജ് എന്ന റിസോർട്ടിൻ്റെ പ്രവർത്തനാനുമതിയാണ് സബ്ബ് കളക്ടർ രാഹുൽ കൃഷ്ണശർമയുടെ നിർദേശപ്രകാരം മൂന്നാർ പഞ്ചായത്ത് സെക്രട്ടറി വി ആർ അജിത്കുമാർ റദ്ദ് ചെയ്തത്. സർക്കാറിൻ്റെ ലക്ഷം വീട് നിർമാണ പദ്ധതിയുടെ ഭാഗമായി നൽകിയ നാല് സെൻ്റ് ഭൂമിയിലാണ് വാണിജ്യാവശ്യത്തിനുള്ള കൂറ്റൻ കെട്ടിടം നിർമിച്ച് റിസോർട്ടായി പ്രവർത്തിച്ചു വന്നത്. 

വീട് വയ്ക്കാൻ നൽകിയ ഭൂമിയിൽ റിസോർട്ട് നിർമിച്ചതിനെതിരെ 2012 ൽ റവന്യൂ വകുപ്പ് കേസെടുത്തിരുന്നു. ഇതിന് ശേഷം റിസോർട്ടിന് തൊട്ടടുത്തായി പാതയോരത്തുള്ള കൈവശ ഭൂമിയിൽ കുറിഞ്ഞി വണ്ടർലസ്റ്റ് എന്ന പേരിൽ അനുമതിയില്ലാതെ മറ്റൊരു വലിയ റിസോർട്ടുകൂടി, റവന്യു വകുപ്പിൻ്റെയോ, പഞ്ചായത്തിൻ്റെയോ അനുമതിയില്ലാതെ ഇവർ രണ്ടു വർഷം മുൻപ് നിർമിച്ചു.

മുൻപഞ്ചായത്തംഗമായിരുന്ന ഉടമ, വീടു നിർമ്മിക്കാൻ നൽകിയ ഭൂമിയിൽ നിർമിച്ച റിസോർട്ടിന് പഞ്ചായത്തിനെ തെറ്റിധരിപ്പിച്ച് ലൈസൻസ് നേടുകയായിരുന്നുവെന്ന് സബ്ബ് കളക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതെ തുടർന്നാണ് ലൈസൻസ് റദ്ദുചെയ്യാനും തുടർനടപടികളെടുക്കാനും നിർദേശം നൽകിയത്. മൂന്നാർ ന്യൂ കോളനി, ലക്ഷം കോളനി, എം ജി കോളനി, സെറ്റിൽമെൻ്റ് കോളനി എന്നിവടങ്ങളിൽ സമാന രീതിയിൽ വീടുവയ്ക്കാൻ നൽകിയ ഭൂമിയിൽ നിരവധി റിസോർട്ടുകൾ നിർമിച്ചതായി റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് റവന്യൂ വകുപ്പ്.

Follow Us:
Download App:
  • android
  • ios