കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങൾ കാസർകോട്ടെ ഹോട്ടലുകൾ ആഘോഷിച്ചത് വേറിട്ട രീതിയിലാണ്. വി.ഡി. സതീശൻ, പിണറായി വിജയൻ എന്നിവർ യഥാക്രമം മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സതീശന്മാർക്കും വിജയന്മാർക്കും സൗജന്യമായി മന്തി നൽകിയാണ് ഹോട്ടലുടമകൾ ശ്രദ്ധ നേടിയത്

കാസർകോട്: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ വേറിട്ട രീതിയിൽ മന്തി വിളമ്പി ആഘോഷിച്ച് കാസർകോട്ടെ ഹോട്ടലുകൾ. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിന്റെ സന്തോഷത്തിൽ സതീശൻ എന്ന് പേരുള്ളവർക്ക് സൗജന്യ മന്തി നൽകിയതിന് പിന്നാലെ, പിണറായി വിജയൻ പ്രതിപക്ഷ നേതാവായതിൽ സന്തോഷിച്ച് വിജയൻ എന്ന് പേരുള്ളവർക്കും മന്തി വിളമ്പിയാണ് ജില്ലയിലെ ഹോട്ടലുടമകൾ ശ്രദ്ധേയരായത്. തൃക്കരിപ്പൂരിലെയും കാഞ്ഞങ്ങാട് മഡിയനിലെയും കാസ ഡൈൻ ഹോട്ടലുകളിലായിരുന്നു സതീശൻമാർക്ക് സൗജന്യ മന്തി നൽകിയത്.

Add Asianetnews as a Preferred SourcegooglePreferred

മുഖ്യമന്ത്രി പ്രഖ്യാപനം വന്ന വ്യാഴാഴ്ച രാവിലെ 11 മണി മുതൽ തന്നെ സതീശൻമാർക്കായി മന്തി വിതരണം ആരംഭിച്ചിരുന്നു. ആധാർ കാർഡുമായെത്തി പേര് ബോധ്യപ്പെടുത്തിയ നിരവധി പേരാണ് മന്തി കഴിക്കാനെത്തിയത്. ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും സതീശൻമാർ എത്തിയെന്ന് ഹോട്ടലധികൃതർ പറഞ്ഞു. ഇതിന് പിന്നാലെയാണ് കാസർകോട് സിഗ്‌നേച്ചർ ബൈ മെട്രോ ഹോട്ടലിൽ വിജയൻ എന്ന് പേരുള്ളവർക്കായി മന്തി വിതരണം ചെയ്തത്.

ആധാർ കാർഡ് പരിശോധിച്ച് പേര് ഉറപ്പുവരുത്തിയ ശേഷമാണ് ക്വാർട്ടർ ചിക്കൻ മന്തി സൗജന്യമായി നൽകിയത്. നിരവധി വിജയൻമാർ കുടുംബസമേതമാണ് മന്തി കഴിക്കാനെത്തിയത്. രാഷ്ട്രീയ ആഘോഷങ്ങൾക്ക് പിന്നാലെ മറ്റൊരു പ്രഖ്യാപനം കൂടി ഹോട്ടൽ അധികൃതർ നടത്തിയിട്ടുണ്ട്; വരാനിരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ട കുട്ടികൾക്കും സൗജന്യമായി മന്തി വിതരണം ചെയ്യുമെന്ന് ഹോട്ടൽ മാനേജർ അറിയിച്ചു. പരാജയപ്പെട്ടവരെ തളർത്താതെ അവർക്ക് പിന്തുണ നൽകാനാണ് ഈ തീരുമാനമെന്നും അധികൃതർ കൂട്ടിചേർത്തു.