ഇടുക്കി: സർക്കാർ ഭൂമി കൈയ്യേറി നിർമ്മിച്ച വീടുകളും ഷെഡും റവന്യൂ സംഘം പൊളിച്ചുനീക്കി. മൂന്നാർ - വട്ടവട റോഡിൽ കുണ്ടള പുതുക്കടിയിൽ പ്രധാന പാതയോരത്ത് പി.പളനി എന്നയാളാണ് സർക്കാർ ഭൂമി കൈയ്യേറി വീടുകളും മറ്റും നിർമ്മിച്ചത്. ഒരു വർഷം മുമ്പാണ് ഇയാൾ ഭൂമി കൈയ്യേറിയത്.

കയ്യേറിയ സ്ഥലം കൃഷിസ്ഥലമാണെന്ന് കാട്ടി ഇയാൾ കോടതിയെ സമീപിച്ചു. കൃഷി ചെയ്യാനെന്ന പേരിൽ കോടതിയിൽ നിന്നും സ്ഥലം നേടിയെടുത്ത ഇയാൾ ഇതിന്‍റെ മറവില്‍ രണ്ടു വീടുകളും ഷെഡും നിർമിച്ചു. ഇതെ തുടർന്നാണ് വന്യൂ സംഘമെത്തി  വ്യാഴാഴ്ച നിർമ്മാണങ്ങൾ പൊളിച്ചുനീക്കിയത്.

ഭൂമിയിൽ കൃഷികളൊന്നും നടത്തിയിട്ടില്ലെന്ന് റവന്യൂ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തി. കെ. ഡി.എച്ച്. ഡെപ്യൂട്ടി തഹസീൽദാർ ജോൺസൺ തോമസ്, റവന്യൂ സ്പെഷ്യൽ ഓഫീസിലെ വി.എഫ്.എ. ശ്രീനാഥ്, ഭൂസംരക്ഷണ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണങ്ങൾ പൊളിച്ചുമാറ്റിയത്.