തമിഴ്നാട് സ്വദേശിയായ കുപുസ്വാമിയുടെ വിരലിൽ കുടുങ്ങിയ മോതിരം പാണ്ടിക്കാട് ട്രോമാ കെയർ വളന്റിയർമാർ സുരക്ഷിതമായി നീക്കം ചെയ്തു. വേദനയെ തുടർന്ന് സഹായം തേടിയ അദ്ദേഹത്തെ, ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ടീം രക്ഷിച്ചത്.  

മലപ്പുറം: കൈവിരലില്‍ മോതിരം കുടുങ്ങിയ തമിഴ്നാട് സ്വദേശിക്ക് രക്ഷകരായി ജില്ലാ ട്രോമാ കെയര്‍ പാണ്ടിക്കാട് സ്റ്റേഷന്‍ യൂനിറ്റ് വളന്റിയര്‍മാര്‍. സന്യാസി എന്ന കുപുസ്വാമിയുടെ (50) കൈവിരലിലാണ് മോതിരം കുടുങ്ങിയത്. അദ്ദേഹം 30 വര്‍ഷമായി കേരളത്തില്‍ പലയിടങ്ങളിലായി ആക്രിക്കച്ചവടം നടത്തുകയാണ്. വീട്ടുകാരും കൂടെ ജോലി ചെയ്യുന്നവരും മോതിരം ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നീര് വന്നതിനാല്‍ ദൗത്യം പരാജയപ്പെടുകയായിരുന്നു.

ബുധനാഴ്ച രാത്രിയോടെ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാണ്ടിക്കാട് ട്രോമാ കെയര്‍ യൂനിറ്റിന്റെ സഹായം തേടി. രാത്രി 9.30 തോടെ എത്തിയ പ്രവര്‍ത്തകര്‍ ഏറെ നേരത്തെ പരിശ്രമത്തിനൊ ടുവില്‍ മോതിരം സുരക്ഷിതമായി നീക്കം ചെയ്തു. പാണ്ടിക്കാട്ടും പരിസര പ്രദേശങ്ങളിലുമായി സമാനരീതിയിലുള്ള 118 -ാമത് കേസുകള്‍ക്കാണ്‌ ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ രക്ഷകരായത്. ടീം ലീഡര്‍ മുജീബിന്റെ നേതൃത്വത്തില്‍ നിസാര്‍ പുളമണ്ണ, ബഷീര്‍ മൂര്‍ഖന്‍, സക്കീര്‍കാരായ, ട്രോമാ കെയര്‍ മുഖ്യരക്ഷാധികാരി സി.കെ.ആര്‍ ഇണിപ്പ എന്നിവര്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളായി.