അഭിഭാഷകയായ മകൾ കീർത്തി മുഖേന ഭാര്യ ഇന്ദിരയാണ് പരോൾ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബർ 22, 23 തീയതികളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. 

കൊച്ചി: റിപ്പര്‍ ജയാനന്ദന്‍റെ പുസ്തക പ്രകാശനം ഇന്ന്. അഞ്ച് കൊലക്കേസുകളില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയവെ ജയാനന്ദന്‍ എഴുതിയ 'പുലരി വിരിയും മുന്‍പേ' എന്ന പുസ്തകം എറണാകുളം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തിനായി ജയാനന്ദന് ഹൈക്കോടതി രണ്ട് ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. അഭിഭാഷകയായ മകൾ കീർത്തി മുഖേന ഭാര്യ ഇന്ദിരയാണ് പരോൾ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബർ 22, 23 തീയതികളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. 

രാവിലെ 10.30ന് കൊച്ചിയിലാണ് പുസ്തക പ്രകാശന ചടങ്ങ്. ഡോ. സുനില്‍ പി. ഇളയിടമാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പാലക്കാട് വിളയൂര്‍ ലോഗോസ് പബ്ലിക്കേഷന്‍സ് ആണ് ജയാനന്ദൻ രചിച്ച പുസ്തകത്തിന്റെ പ്രസാധകര്‍. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ജയാനന്ദന് പരോൾ അനുവദിച്ചത്. കഴിഞ്ഞ 17 വർഷമായി തടവിൽ കഴിയുന്ന ജയാനന്ദന്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് കഴിയുന്നത്. നേരത്തെ മാർച്ച് മാസത്തിൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി ജയാനന്ദന് ഹൈക്കോടതി പരോൾ അനുവദിച്ചിരുന്നു. 17 വർഷത്തെ തടവിനിടയിലെ ആദ്യ പരോളായിരുന്നു ഇത്.

പുത്തന്‍വേലിക്കരയിൽ ദേവകി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജയാനന്ദന്റെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. എറണാകുളം പോണേക്കരയിൽ വൃദ്ധയേയും സഹോദരീപുത്രനേയും തലയ്ക്കടിച്ചുകൊലപ്പെടുത്തിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ അറസ്റ്റിലായത് സംഭവം നടന്ന് 17 വർഷങ്ങൾക്ക് ശേഷമായിരുന്നു. ജയിലിൽക്കഴിയുന്ന ജയാനന്ദൻ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്.

2004ലാണ് എറണാകുളം പോണേക്കരയിൽ എഴുപത്തിനാല് കാരിയേയും സഹോദരീ പുത്രനേയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 44 പവൻ സ്വർണമാണ് ജയാനന്ദന്‍ ഇവിടെനിന്ന് കവർന്നത്. റിപ്പ‍ർ ജയാനന്ദൻ തന്നെയാണ് കുറ്റവാളിയെന്ന സംശയത്തിൽ കേസിൽ ജയാനന്ദനെ മുമ്പും ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാളിലേക്കെത്താൻ പറ്റിയ തെളിവ് കിട്ടിയിരുന്നില്ല. മറ്റൊരു കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് താനാണ് കൃത്യം നടത്തിയതെന്ന് ജയാനന്ദൻ സഹതടവുകാരനോട് പറഞ്ഞത്. ജയിലധികൃതർ ഇക്കാര്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചതിനേ തുടർന്ന് ജയിലിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ജയാനന്ദനാണ് പ്രതിയെന്ന് ഉറപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം