നാടിന്‍റെ സ്വന്തം ജനറല്‍ ആശുപത്രി, കാടുമൂടി കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഒടുവില്‍ കാട് വെട്ടിത്തളിച്ച് ആശുപത്രി പരിസരം ഒന്ന് വൃത്തിയാക്കാമെന്ന് വച്ചാല്‍ കൂലി കൊടുത്ത് ആളെ വച്ച് ചെയ്യിക്കാനുള്ള ഫണ്ടും ഇല്ല. ഒടുവില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആര്‍എംഒയും സഹപ്രവര്‍ത്തകരും തന്നെ ഇറങ്ങി.
തിരുവനന്തപുരം: ഹൃദയമിടിപ്പളക്കാന്‍ സ്റ്റെതസ്കോപ്പ് പിടിക്കുന്ന കൈകളിൽ, ചുമരുകളില്‍ വെള്ളപൂശാനുള്ള പെയിന്‍റിംഗ് ബ്രഷ് കണ്ടാല്‍ ആരുമൊന്ന് അത്ഭുതപ്പെടും. എന്നാല്‍ ആ കാഴ്ച എന്നും കാണുകയാണ് നെയ്യാറ്റിന്‍കരക്കാര്‍. നാടിന്‍റെ സ്വന്തം ജനറല്‍ ആശുപത്രി, കാടുമൂടി കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഒടുവില്‍ കാട് വെട്ടിത്തളിച്ച് ആശുപത്രി പരിസരം ഒന്ന് വൃത്തിയാക്കാമെന്ന് വച്ചാല്‍ കൂലി കൊടുത്ത് ആളെ വച്ച് ചെയ്യിക്കാനുള്ള ഫണ്ടും ഇല്ല. ഒടുവില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആര്‍എംഒയും സഹപ്രവര്‍ത്തകരും തന്നെ ഇറങ്ങി.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി ആര്‍എംഒ ദീപ്തിയുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെ പിആര്‍ഒ സംഘം ശുചീകരണ പ്രവര്‍ത്തിയിലേര്‍പ്പെട്ടിരിക്കുന്നത്. ആശുപത്രിയെ ശുചീകരിച്ച് സംസ്ഥാനത്തേതന്നെ ഏറ്റവും നല്ല മാതൃകാ ആശുപത്രിയാക്കണമെന്നതാണ് ഇവരുടെ ലക്ഷ്യം. കാടു മൂടി, പൊടി പിടിച്ച്, മാറാല മൂടിക്കിടക്കുന്ന ആശുപത്രിയെന്ന പേര് ദോഷം മാറ്റി, ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡായ കായകല്‍പ്പ നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

ജനറല്‍ ആശുപത്രിയുടെ നീണ്ട കെട്ടിടങ്ങൾ കൂലി കൊടുത്ത് പെയിന്‍റ് ചെയ്യിക്കുകയെന്നാല്‍ അതിനുള്ള ഫണ്ടിന്‍റെ അഭാവം തന്നെയാണ് പ്രധാന പ്രശ്നം. മുഴുവന്‍ കെട്ടിടം പെയിന്‍റടിക്കാനുള്ള പെയിന്‍റ് പോലും വാങ്ങാന്‍ തന്നെ ഫണ്ട് തികയില്ല. അങ്ങനെയുള്ളപ്പോള്‍ തൊഴിലാളികള്‍ക്കുള്ള പണം വേറെ കണ്ടെത്തേണ്ടി വരും. ഇതെല്ലാം കൂടി ഒരുമിച്ച് കൊണ്ടുപോവുകയെന്നാല്‍ അപ്രാപ്യമായ ഒന്നാണ്. ഇത്തരമൊരു അവസ്ഥയിലാണ് ആശുപത്രിയുടെ പെയിന്‍റിങ്ങ് ജോല് സ്വയമേറ്റെടുക്കാന്‍ ജീവനക്കാര്‍ തന്നെ തീരുമാനിച്ചത്.
ആശുപത്രി ജീവനക്കാര്‍ പെയിന്‍റ് അടിക്കാന്‍ തീരുമാനിച്ചതോടെ കെട്ടിടം മുഴുവനും അടിക്കാനുള്ള പെയിന്‍റും മറ്റ് സാമഗ്രികള്‍ക്കുമുള്ള സ്പോണ്‍സര്‍മാരെ കണ്ടെത്തി. ആശുപത്രി ജോലി കഴിഞ്ഞുള്ള സമയത്ത് ജീവനക്കാര്‍ തന്നെയാണ് ഇതിനുള്ള ആളുകളെ കണ്ടെത്തിയതും. ഏതാണ്ട് മൂന്നാഴ്ചയില്‍ അധികമായി ജീവനക്കാര്‍ തങ്ങളുടെ ആശുപത്രി നവീകരണത്തിലാണ്. കെട്ടിടത്തിന്‍റെ പെയിന്‍റിങ്ങ് മാത്രമല്ല, അതോടെപ്പം കാടുമൂടിയ സ്ഥലത്ത് പൂന്തോട്ടവും ബയോ പാര്‍ക്ക് ഉള്‍പ്പെടെയുള്ള മറ്റ് അനുബന്ധ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പും പുരോഗമിക്കുന്നു. രോഗികള്‍ക്ക് മുന്നിലെ മാലാഖമാര്‍ ഇന്ന് ആശുപത്രി ചുമരുകളിലും മാലാഖമാരെ തീര്‍ക്കുന്നു.
