സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി ഗര്‍ഭ നിരോധന ഉറ വെച്ചിട്ടുണ്ടെങ്കിലും, പൊതുസ്ഥലങ്ങളില്‍ ഇവ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ കുടിവെള്ളത്തിനായി സ്ഥാപിച്ച ആര്‍.ഒ പ്ലാന്റ് നോക്കുകുത്തിയായി. ദാഹമകറ്റാന്‍ കുടിവെള്ളം തേടിയെത്തുന്ന സന്ദര്‍ശകര്‍ക്ക് വെള്ളം ലഭിക്കാത്ത പ്ലാന്റില്‍, വെള്ളം വീഴേണ്ട ട്രേയില്‍ ഉപേക്ഷിച്ച നിലയില്‍ ഗര്‍ഭ നിരോധന ഉറയുടെ പാക്കറ്റുകളാണ് കാണാനാവുക. പൊതുജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ സ്ഥാപിച്ച സംവിധാനത്തിന്റെ ദുരവസ്ഥയാണ് ഇതിലൂടെ പുറത്തുവരുന്നത്. എം.പി.യുടെ പ്രാദേശിക വികസന ഫണ്ടായ എം.പി. എല്‍.എ.ഡി.എസ് 2018-19 പദ്ധതിയില്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ സ്ഥാപിച്ച ആര്‍.ഒ പ്ലാന്റില്‍നിന്ന് വര്‍ഷങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി. ആദ്യഘട്ടങ്ങളില്‍ വെള്ളം ലഭിച്ചിരുന്നെങ്കിലും പിന്നീട് പ്ലാന്റ് പ്രവര്‍ത്തനരഹിതമായി.

ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ കുടിവെള്ളത്തിനായി വാട്ടര്‍ ടാങ്കിന് സമീപമെത്തുമ്പോള്‍ വെള്ളത്തിന് പകരം കാണുന്നത് ഉപേക്ഷിച്ച നിരവധി ഗര്‍ഭ നിരോധന ഉറയുടെ പാക്കറ്റുകളാണ്. പൊതുജനങ്ങള്‍ എത്തുന്ന വിനോദസഞ്ചാര കേന്ദ്രത്തിലെ കുടിവെള്ള സംവിധാനത്തിന്റെ പരിസരത്ത് ഇത്തരം പാക്കറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നത് ആശങ്കയ്ക്കിടയാക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി ഗര്‍ഭ നിരോധന ഉറ വെച്ചിട്ടുണ്ടെങ്കിലും, പൊതുസ്ഥലങ്ങളില്‍ ഇവ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

2021 ഫെബ്രുവരി 12ന് 25 ലക്ഷം രൂപയുടെ ഭരണാനുമതിയില്‍ 15.43 ലക്ഷം രൂപ ചെലവഴിച്ചാണ് കേരള വാട്ടര്‍ അതോറിറ്റി കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചത്.എന്നാല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച പദ്ധതി വര്‍ഷങ്ങളായി പ്രയോജനരഹിതമായി തുടരുകയാണ്. കൂടാതെ വൃത്തിഹീനമായ തരത്തിലാണ് ബീച്ചും പരിസരവും. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ എത്തുന്ന ബ്ലാങ്ങാട് ബീച്ചില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനും പ്ലാന്റിന്റെ പരിസരം വൃത്തിയാക്കുന്നതിനും ബന്ധപ്പെട്ട അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.