ഒരു മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപമായിരുന്നു തിരക്കേറിയ റോഡ് ഇടിഞ്ഞുതാഴ്ന്നത്.

നോയിഡ: തിരക്കേറിയ ജംഗ്ഷനിൽ റോഡ് ഇടിഞ്ഞുതാഴ്ന്ന് വൻ ഗർത്തം രൂപപ്പെട്ടു. നോയിഡ സെക്ടർ 50-ന് സമീപമായിരുന്നു സംഭവം. റോഡുകൾ ചേരുന്ന തിരക്കേറിയ ജംഗ്ഷനിൽ അഞ്ചടി താഴ്ചയും പത്തടി വീതിയുമുള്ള വലിയ ഗർത്തമാണ് രൂപപ്പെട്ടത്. ഒരു മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപമായിരുന്നു സംഭവം.

റോഡ് ഇടിഞ്ഞുതാഴുന്ന സമയത്ത് അതുവഴി പോയ ഒരാൾ കുഴിയിലേക്ക് വീഴാതെ സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. റോഡ് തകർന്നതോടെ ഈ ഭാഗത്ത് വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. അധികൃതർ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കാനും റോഡ് പുനർനിർമ്മിക്കാനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.