റോഡ് നവീകരണം പൂർത്തിയായതോടെയാണ് ജങ്ഷനിൽ  അപകടങ്ങൾ പതിവായത്.

ആലപ്പുഴ: മാവേലിക്കര - ഇറവങ്കര ജങ്ഷൻ വലിയ അപകട മേഖലയായി മാറുന്നു. ആറ് മാസത്തിനിടയിൽ ഈ ഭാഗത്തുണ്ടായ അപകടങ്ങളില്‍ പൊലി‌ഞ്ഞ് 3 ജീവനുകളാണ്. നിരവധി പേർക്ക് പരിക്കേറ്റു. റോഡ് നവീകരണം പൂർത്തിയായതോടെയാണ് ജങ്ഷനിൽ അപകടങ്ങൾ പതിവായത്.

മാവേലിക്കര - പന്തളം റോഡിൽ അപകട സാധ്യത ഏറെയുള്ള ഭാഗമാണ് ഇറവങ്കര. ആറ് റോഡുകൾ ഒത്തുചേരുന്ന മേഖല കൂടിയാണിത്. റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ ചീറിപ്പായുന്നത് അതിവേഗത്തിലാണ്. എന്നാൽ വേണ്ടത്ര സിഗ്നൽ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും ഇല്ല. റോഡ് നിർമ്മാണം തന്നെ അശാസ്ത്രീയമാണെന്നാണ് നാട്ടുകാർ പറയുന്നത്.

മുൻപ് സ്പീഡ് ബ്രേക്കർ ഉണ്ടായിരുന്നുവെങ്കിലും റോഡ് നവീകരണത്തിന്റെ ഭാഗമായി അത് നീക്കം ചെയ്‌തു. ഇതോടെയാണ് വാഹനങ്ങളുടെ മരണപ്പാച്ചിൽ വർധിച്ചത്. ഇരുവശങ്ങളിലും ഉയർന്നു നിൽക്കുന്ന ഓടകൾ കൂടി നിർമിച്ചതോടെ ജങ്ഷനിൽ റോഡിന്റെ വീതി കുറഞ്ഞതായി നാട്ടുകാർ പറയുന്നു. അത്യാവശ്യ ഘട്ടത്തിൽ ഇരുചക്ര വാഹനങ്ങൾക്ക് വാഹനം ഒതുക്കാൻ പറ്റാത്ത അവസ്ഥയാണ്. പല തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. 

YouTube video player