ഇടുക്കി: ദുരന്ത ഭൂമിയിലെ കണ്ണീരുണങ്ങും മുമ്പ് പെട്ടിമുടിയിൽ മോഷണ സംഘങ്ങളെന്ന് പരാതി. ദുരന്തത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വാഹനങ്ങളുടേയും മറ്റും വിലപിടുപ്പുള്ള ഭാഗങ്ങളാണ് രാത്രിയുടെ മറവില്‍ മോഷണ സംഘങ്ങള്‍ കടത്തികൊണ്ട് പോകുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ കമ്പനി പെട്ടിമുടിയില്‍ രാത്രികാല കാവല്‍ ഏര്‍പ്പെടുത്തി.

ദുരന്തത്തില്‍ തകര്‍ന്ന വാഹനങ്ങളുടെ ടയറുകള്‍, വിലകൂടിയ മറ്റ് യന്ത്രഭാഗങ്ങള്‍ എന്നിവയാണ് മോഷ്ടിക്കപ്പെടുന്നത്.  പെട്ടിമുടിയില്‍ എല്ലാം നഷ്ടപ്പെട്ട കുമാറിന് തിരിച്ച് കിട്ടിയത് പൂര്‍ണ്ണമായി തകര്‍ന്ന വാഹനം മാത്രമാണ്. ദുരന്തം നടക്കുന്നതിന് രണ്ട് മാസം മുമ്പ് വാങ്ങിയ വാഹനത്തിന്ററെ പുതിയ ടയറുകളും മറ്റ് യന്ത്രഭാഗങ്ങളുമടക്കം മോഷ്ടാക്കള്‍ അഴിച്ചുകടത്തി. 

തെരച്ചില്‍ സമയത്ത് പുറത്തെടുത്ത അലമാരകള്‍ മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവയും ഇവിടെ നിന്നും മോഷ്ടാക്കള്‍ കടത്തിയിട്ടുണ്ട്. ദുരന്ത ഭൂമിയില്‍ ബാക്കിയായ ഉപകരണങ്ങളും മറ്റും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് കമ്പനി പ്രദേശത്ത് രാത്രികാല കാവലും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.