ആലപ്പുഴ: വള്ളികുന്നത്ത് വ്യാപാര സ്ഥാപനങ്ങളിലും, പോസ്റ്റാഫീസിലും മോഷണശ്രമം. വള്ളികുന്നം, മണക്കാട് ജംഗ്ഷനിലുള്ള ബേക്കറിയിലും തൊട്ടടുത്തുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിലുമാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. ബേക്കറിയുടമ സുകു രാവിലെ കട തുറക്കാനെത്തിയപ്പോൾ കടയുടെ ഷട്ടർ ഉയർത്തിവെച്ച നിലയിലായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസ്റ്റ് ഓഫീസിലും, പഞ്ചായത്ത് ഓഫീസിന് തൊട്ടടുത്തായി പ്രവർത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലും കവർച്ചാ ശ്രമം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. പോസ്റ്റ് ഓഫീസിന്‍റെ മുന്നിലുള്ള വാതിലിന്‍റെ ഗ്രില്ല് തകർക്കാൻ ശ്രമം നടത്തി.

ടെക്സ്റ്റൈല്‍സിൽ നിന്ന് മുണ്ടുകളും, ലാപ്പ്ടോപ്പും മോഷണം പോയതായി കടയുടമ പറയുന്നു. കടയുടെ പൂട്ട് പൊളിച്ചാണ് കവർച്ച നടത്തിയത്. കടയുടെ മുന്നിലായി മോഷ്ടാക്കൾ ഉപേക്ഷിച്ച താഴുകളും, കമ്പ്യൂട്ടർ കീബോർഡും കാണപ്പെട്ടു. വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.