Asianet News MalayalamAsianet News Malayalam

ഏത് സമയത്തും അടര്‍ന്നുവീഴാം; മൂന്നാര്‍ മറയൂര്‍ റോഡില്‍ അപകടാവസ്ഥയിലുള്ളത് നൂറുകണക്കിന് പാറകള്‍

പ്രധാന പാതയിൽ നിന്നും ഒരു കീലോമീറ്റർ ഉയരത്തിലുള്ള മുതുവാപ്പാറയിലാണ് ചെറുതും വലുതുമായ നിരവധി പാറകൾ ഏതു സമയത്തും അടർന്നു വീഴാവുന്ന അവസ്ഥയിലുള്ളത്.

rocks in dangerous condition in munnar marayoor road etj
Author
First Published May 6, 2023, 6:57 PM IST

ഇടുക്കി: മൂന്നാർ - മറയൂർ റോഡിൽ കഴിഞ്ഞ ദിവസം പകൽ പാറ അടർന്നു വീണതിനു സമീപം അപകടാവസ്ഥയിലുള്ളത് നൂറു കണക്കിന് പാറകൾ. പ്രധാന പാതയിൽ നിന്നും ഒരു കീലോമീറ്റർ ഉയരത്തിലുള്ള മുതുവാപ്പാറയിലാണ് ചെറുതും വലുതുമായ നിരവധി പാറകൾ ഏതു സമയത്തും അടർന്നു വീഴാവുന്ന അവസ്ഥയിലുള്ളത്.

വ്യാഴാഴ്ച ഉച്ചക്കാണ് പെരിയവര ചെക്ഡാമിനു സമീപം കൂറ്റൻ പാറ മുകളിൽ നിന്നും അടർന്നുവീണ് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വീണ് അപകടമുണ്ടായത്. അപകടത്തിൽ ടാക്സി ഡ്രൈവർ സൂര്യനെല്ലി സ്വദേശി അന്തോണി രാജിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മലമുകളില്‍ നിന്ന് അടര്‍ന്നുവന്ന പാറ റോഡിന് മുകളിലുള്ള മണ്‍തിട്ടയില്‍ പതിച്ച് രണ്ടായി പിളര്‍ന്നു. ഇതിൽ ഒരു ഭാഗമാണ് കാറിന്റെ ഡ്രൈവിങ്  സീറ്റിനടുത്തുള്ള ഭാഗത്ത് ഇടിച്ചത്. വാഹനത്തിൽ ഇടിച്ച ശേഷം പാറ പെരിയവാര പുഴയില്‍ പതിച്ചു.  ഇടിയുടെ ആഘാതത്തിൽ വാഹനം റോഡില്‍ നിന്ന് തെന്നിമാറി പെരിവാരാ പുഴയ്ക്ക് സമീപമുള്ള  മണ്‍ തിട്ടയിൽ തട്ടി നിൽക്കുകയായിരുന്നു. 

തലനാരിഴയക്കാണ് കൂടുതൽ വലിയ അപകടം ഉണ്ടാകാതെ ഒഴിവായെന്ന് ദൃക്സാക്ഷിയായ കരിക്ക് വില്പനക്കാരൻ പറഞ്ഞു. സഞ്ചാരികളെ രാജമലയില്‍ ഇറക്കിവിട്ട ശേഷം വസ്ത്രം എടുക്കാനായി മൂന്നാര്‍ ടൗണിലേക്ക് എത്തുന്ന വഴിക്കായിരുന്നു വാഹനം അപകടത്തില്‍പ്പെട്ടത്.

നാലു വർഷം മുൻപും മുതുവാൻ പാറയിൽ നിന്നും പെരിയവര ചെക് ഡാമിനു സമീപം സമാന രീതിയിൽ കൂറ്റൻ പാറ അടർന്നുവീണിരുന്നു. റോഡിൽ വാഹനങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ അപകടമൊന്നുമുണ്ടായില്ല. മുതുവാപ്പാറയിലും സമീപത്തുമായി നൂറിലധികം പാറകളാണ് അപകടാവസ്ഥയിലുള്ളത്. മഴക്കാലമാകുന്നതോടെ ഇവ അടർന്നു വീഴാൻ സാധ്യതയുളളതായി പ്രദേശവാസികൾ ആശങ്കപ്പെട്ടു.

Follow Us:
Download App:
  • android
  • ios