കൊച്ചി: കോളേജ് മുറിയിൽ ക്ലാസ് നടക്കുന്നതിനിടെ മേൽക്കൂരയുടെ സീലിംഗിന്‍റെ പാളി വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്.  എറണാകുളം സെന്റ് ആൽബർട്സ് കോളsജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ഫാത്തിമ അഫ്രിനാണ് പരിക്കേറ്റത്. വിദ്യർത്ഥിനി എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

എറണാകുളം സെന്റ് ആൽബർട്സ് കോളേജിലെ ഒന്നാം വർഷ രസതന്ത്ര ക്ലാസിലാണ് സംഭവം നടന്നത്. കോളേജിലെ പ്രധാന കെട്ടിടത്തോട് ചേർന്നുള്ള ഷീറ്റിട്ട ചെറിയ മുറിയിലാണ് ക്ലാസ് നടത്തിയിരുന്നത്. അധ്യാപിക ക്ലാസ് എടുത്ത് കൊണ്ടിരിക്കെ സീലിംഗ് ചെയ്തിരുന്ന പ്ലൈവുഡ് ഷീറ്റ് അടർന്നു കുട്ടികൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട വിദ്യാർത്ഥികളിലൊരാൾ ഫാൻ ഓഫാക്കിയതിനാൽ കൂടുതൽ പേർക്ക് പരുക്കേൽക്കാതെ രക്ഷപെട്ടു. 

സീലിംഗ് പാളികൾ ദേഹത്ത് വീണ വിദ്യാർത്ഥികളിൽ ചിലർക്ക് ചെറിയ പരുക്കുകൾ ഏറ്റെങ്കിലും കോളേജ് അധികൃതർ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്നും പരാതിയുണ്ട്. വീട്ടിലെത്തിയ ശേഷം മാതാപിതാക്കളാണ്  പരുക്കേറ്റ ഫാത്തിമ അഫ്രിനെ ആശുപത്രിയിൽ കൊണ്ടുപോയത്. കനം കുറഞ്ഞ ഷീറ്റാണ് അടർന്ന് വീണതെന്നും കുട്ടികൾക്ക് നിസാര പരുക്ക് മാത്രമാണ് പറ്റിയതെന്നുമാണ് കോളേജ് അധികൃതരുടെ വിശദീകരണം. സംഭവം സംബന്ധിച്ച് പരുക്കേറ്റ അഫ്രിൻ കോളേജ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.