ഹരിപ്പാട് നടത്തിയ പരിശോധനയിൽ കിലോ കണക്കിന് പഴകിയ മത്സ്യം പിടികൂടി. 25 കിലോ പഴകിയ മത്തിയാണ് ഹരിപ്പാട് നിന്നും പിടികൂടിയത്.
ആലപ്പുഴ: ആലപ്പുഴയിൽ ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുന്നു. ഹരിപ്പാട്, ചേർത്തല, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഹരിപ്പാട് നടത്തിയ പരിശോധനയിൽ കിലോ കണക്കിന് പഴകിയ മത്സ്യം പിടികൂടി. 25 കിലോ പഴകിയ മത്തിയാണ് ഹരിപ്പാട് നിന്നും പിടികൂടിയത്. നാഗപട്ടണത്ത് നിന്ന് കൊണ്ടുവന്ന മീൻ വിൽപ്പനക്കെത്തിച്ച ഉടനെ ഭക്ഷ്യ വകുപ്പ് പിടിക്കുകയായിരുന്നു. ഹരിപ്പാട്ടെ ദേവു ഹോട്ടൽ അടപ്പിച്ചു. വൃത്തിഹീനമായ ചുറ്റു പാടിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചതിനെ തുടർന്നാണ് ഹോട്ടൽ പൂട്ടിയത്.
തലസ്ഥാനത്തും പരിശോധന ഹോട്ടലുകൾക്ക് നോട്ടീസ്
തിരുവനന്തപുരത്ത് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. കണ്ണൂരിൽ രണ്ട് ഹോട്ടലുകൾക്കും നോട്ടീസ് നൽകി. നന്ദൻകോട്, പൊറ്റക്കുഴി ഭാഗങ്ങളിലെ ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ 'ഇറാനി' കുഴിമന്തിയിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പൊറ്റക്കുഴി മൂൺ സിറ്റി തലശ്ശേരി ദം ബിരിയാണി, നന്ദൻകോട് ടിഫിൻ സെന്റർ എന്നീ കടകൾക്കും നോട്ടീസ് നൽകി. ഇവിടങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ബാഗുകളും പിടിച്ചെടുത്തു.
കല്ലറയിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ഹെൽത്ത് സ്ക്വാഡ് ഹോട്ടലുകളിലും ബേക്കറികളിലും കോഴിക്കടകളിലും നടത്തുന്ന പരിശോധന തുടരുകയാണ്. വൃത്തി ഹീനമല്ലാത്ത നിലയിൽ ഫ്രീസറിൽ പ്ലാസ്റ്റിക്ക് കവറുകളിൽ മാംസഹാരങ്ങൾ സൂക്ഷിച്ചത് പിടിച്ചെടുത്തു.
കുന്നുകുഴി ആൺകുട്ടികളുടെ കെ പി ഹോസ്റ്റലിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്നാണ് പരിശോധന. ഇവിടെ നിന്നും പഴകിയ മീനും ചപ്പാത്തിയും പിടികൂടി. ഹോസ്റ്റലിന് നോട്ടീസ് നൽകിയ അധികൃതർ ഭക്ഷണ വിതരണം നിർത്തിവെക്കാനും നിർദ്ദേശിച്ചു.
കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തുന്ന പരിശോധന തുടരുകയാണ്. പഴകിയ ഭക്ഷ്യ സാധനങ്ങൾ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.ഹോട്ടൽ സാഗർ, ഹോട്ടൽ ബ്ലൂ നെയിൽ എന്നീ സ്ഥാപനങ്ങൾക്കാണ് നോട്ടീസ്. പഴകിയ ഫ്രൈഡ് റൈസ്, ചപ്പാത്തി എന്നിവ കണ്ടെത്തി.
