പാറശാലയ്ക്ക് സമീപം റെയിൽവേ പാളത്തിൽ കല്ലുവെച്ച് സിഗ്നൽ തകരാറിലാക്കിയ യുവാവിനെ ആർപിഎഫ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ഇയാൾ പാളത്തിലെ സിഗ്നൽ പോയിന്റിൽ കല്ലുവെച്ചതെന്ന് കുറ്റം സമ്മതിച്ചു.
തിരുവനന്തപുരം: പാറശാലയ്ക്ക് സമീപമുള്ള റെയിൽവേ പാളത്തിൽ കല്ലുവെച്ച് മുങ്ങിയ യുവാവിനെ ആർപിഎഫ് പിടികൂടി. പാളത്തിൽ കല്ല് വച്ചതോടെ സിഗ്നൽ തകരാറിലായിരുന്നു. ഇത് പരിശോധിച്ചതോടെയാണ് സേലം സ്വദേശി രാമസ്വാമി നടേശനെ (37 ) അറസ്റ്റ് ചെയ്തത്. മദ്യപിച്ച ശേഷം റെയിൽവേ പാളത്തിൽ വന്നിരിക്കുകയും സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് പാളങ്ങൾ തമ്മിൽ യോജിപ്പിക്കുന്ന സിഗ്നൽ പോയിന്‍റിൽ വച്ചശേഷം കടന്നുകളയുകയായിരുന്നു.
സമീപത്തു നടക്കുന്ന പാതയിരട്ടിപ്പിക്കലിന്‍റെ കരാർജോലിക്കാരനായ ട്രാക്‌ടർ ഡ്രൈവറാണ് രാമസ്വാമി. സിഗ്നൽ തകരാറായതോടെ പരിസരവാസികളെയടക്കം ചോദ്യം ചെയ്ത് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും ആളെക്കുറിച്ച് വിവരം ലഭിച്ചില്ല. ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചിന്‍റെയും ആർപിഎഫ് തിരുവനന്തപുരം യൂണിറ്റിന്‍റെയും നിരന്തരമായ അന്വേഷണത്തിലാണ് പ്രതി രാമസ്വാമിയാണെന്ന് തിരിച്ചറിഞ്ഞത്. കൺസ്ട്രക്ഷൻ സൈറ്റിൽ തന്നെ താമസിക്കുന്ന രാമസ്വാമി പണിക്ക് ശേഷം മദ്യപിക്കുകയും മദ്യലഹരിയിൽ കല്ലെടുത്തു പാളത്തിൽ വച്ചതാണെന്ന് കുറ്റം സമ്മതിച്ചു. റെയിൽവേ വകുപ്പുകൾ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


