4500 രൂപ മരുന്നിന് വേണം, പെൻഷൻ നൂലാമാലകളിൽ കുരുങ്ങിയപ്പോൾ ജീവിക്കാൻ മത്സ്യം വിറ്റ് മുന്‍ പോലീസുകാരന്‍
പെന്‍ഷനുമായി ബന്ധപ്പെട്ട നൂലാമാലകള്‍ നീങ്ങിയെന്ന വാര്‍ത്തയെത്തി. ഈ തുക ലഭിച്ചാലും മീന്‍ കച്ചവടം തുടരാന്‍ തന്നെയാണ് തീരുമാനം. മുപ്പത് വര്‍ഷം പോലീസുകാരനായി ജോലി ചെയ്ത അതേ അഭിമാനത്തോടെയാണ് ഇപ്പോള്‍ മത്സ്യം വില്‍ക്കുന്നതെന്ന് ആന്റോ
തൃശൂർ: പെന്‍ഷന്‍ ആനുകൂല്യങ്ങൾ വൈകിയപ്പോൾ ഉപജീവനത്തിന് മത്സ്യം വിറ്റ് മുന്‍ പോലീസുകാരന്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി ലഭിക്കേണ്ട പെന്‍ഷന്‍ ആനുകൂല്യങ്ങളെല്ലാം മുടങ്ങിയതിനെ തുടര്‍ന്നാണ് എ ഡി ആന്റോ മത്സ്യ കച്ചവടത്തിലേക്ക് ഇറങ്ങിയത്. 'കടപ്പുറം പച്ചമീന്‍' എന്ന പേരില്‍ ഒരു മാസം മുമ്പാണ് ചെങ്ങാലൂര്‍ കിഴക്കേ കപ്പേളയുടെ പരിസരത്ത് മീന്‍ വില്‍പനയ്ക്ക് തുടക്കം കുറിച്ചത്.
എ.എസ്.ഐയായി 2023 ഏപ്രില്‍ 30 ന് കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും വിരമിച്ചയാളാണ് ആന്റോ. ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്റോ 2020 നവംബര്‍ 27 മുതല്‍ 2021 ഓഗസ്റ്റ് 17 വരെ അവധിയെടുത്തിരുന്നു. ആന്റോയുടെ ക്രെഡിറ്റില്‍ ഇത്രയും അവധികള്‍ ഇല്ലാത്തതാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനിശ്ചിതത്വത്തിലാക്കിയത്. ഫയല്‍ നീങ്ങാത്തതിനാല്‍ 2020ലെ ശമ്പള പരിഷ്‌ക്കരണത്തിന്റെ ആനുകൂല്യവും നഷ്ടമായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ് പിന്നീട് ആന്റോയ്ക്ക് നേരിടേണ്ടി വന്നത്.
ഹൃദയത്തില്‍ മൂന്ന് സ്റ്റെന്റ് ഇട്ടാണ് ജീവിതം. പ്രതിമാസം 4500 രൂപയോളം മരുന്നിന് വേണ്ടി ചെലവാക്കണം. ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ തുടര്‍ ചികിത്സകള്‍ വേണം. നിത്യ ചെലവുകള്‍ക്കും പണം വേണം. എന്തെങ്കിലും ജോലി ചെയ്യാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നതായിരുന്നു സാഹചര്യം. തുടർന്നാണ് മത്സ്യ വില്‍പനയിലേക്കെത്തിയത്. എന്നാല്‍ മീനെടുക്കാനും ഫ്രീസറും മറ്റ് ഉപകരണങ്ങള്‍ വാങ്ങാനും കട സജ്ജീകരിക്കാനും കൈയില്‍ പണമുണ്ടായിരുന്നില്ല. ഒരു സുഹൃത്ത് സ്വര്‍ണാഭരണങ്ങള്‍ പണയം വെക്കാന്‍ നല്‍കിയതോടെയാണ് മത്സ്യ കച്ചവടം യാഥാര്‍ത്ഥ്യമായത്. വില്‍സണ്‍, ഡാനി എന്നീ രണ്ടു സഹായികളെയും ലഭിച്ചു. അങ്ങനെ ദിവസവും ചേറ്റുവ, മുനമ്പം ഹാര്‍ബറുകളിലെത്തി സ്വന്തം നിലയ്ക്ക് മീന്‍ ലേലം വിളിച്ചെടുക്കുകയാണ് പതിവ്.
15,000 രൂപയുടെ മീനാണ് സാധാരണ വാങ്ങാറുള്ളത്. ഇത് കടയിലെത്തിച്ച് വില്‍ക്കും. ചെറിയ ലാഭം മാത്രമാണ് ആന്റോ മീന്‍ കച്ചവടത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. മീന്‍ വില്‍പനയ്ക്ക് വേണ്ടി നാട്ടുകാരെയും പരിസരവാസികളെയുമെല്ലാം കൂട്ടി ചേര്‍ത്ത് കടപ്പുറം പച്ചമീന്‍ എന്ന പേരില്‍ വാട്ട്‌സാപ് , സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ആന്റോ ഉണ്ടാക്കിയിട്ടുണ്ട്. രാവിലെ 8.30 മുതല്‍ വൈകിട്ട് 8.30 വരെയാണ് കച്ചവടം.
രാവിലെ തന്നെ ഇന്ന് എന്തൊക്കെ മീനുകളാണ് വില്‍പനയ്ക്കുള്ളതെന്നും അവയുടെ വിലപട്ടികയും ഗ്രൂപ്പുകളില്‍ പങ്കുവെക്കും. ഇത് മീന്‍ വില്‍പന എളുപ്പമാക്കിയിട്ടുണ്ട്. കച്ചവടം തുടങ്ങിയപ്പോള്‍ ഇവിടെയും സമീപ പ്രദേശങ്ങളിലും കൊള്ളവിലയ്ക്കാണ് മീന്‍ കച്ചവടം നടന്നിരുന്നത്. എന്നാല്‍ താന്‍ വിലകുറച്ച് നല്‍കാന്‍ തുടങ്ങിയതോടെ അമിത ലാഭമെടുക്കുന്നത് മറ്റു കച്ചവടക്കാരും അവസാനിപ്പിച്ചെന്ന് ആന്റോ പറയുന്നു.
ഇതിനിടെ പെന്‍ഷനുമായി ബന്ധപ്പെട്ട നൂലാമാലകള്‍ നീങ്ങിയെന്ന വാര്‍ത്തയെത്തി. തന്റെ പെന്‍ഷന്‍, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ അക്കൗണ്ട് ജനറല്‍ ഓഫീസ് പാസാക്കിയിട്ടുണ്ടെന്ന വിവരം ലഭിച്ചുവെന്ന് ആന്‍റോ പറഞ്ഞു. ഈ തുക ട്രഷറിയിലേക്കെത്തിയിട്ടുണ്ടെന്നും പത്താം തീയതിയ്ക്ക് ശേഷം ചെല്ലാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ആന്റോ പറയുന്നു. തുക കൈപ്പറ്റിയതിന് ശേഷം പണയം വെച്ച സ്വര്‍ണം തിരിച്ചെടുത്ത് ഏല്‍പിക്കണം. ഈ തുക ലഭിച്ചാലും മീന്‍ കച്ചവടം തുടരാന്‍ തന്നെയാണ് തീരുമാനം. മുപ്പത് വര്‍ഷം പോലീസുകാരനായി ജോലി ചെയ്ത അതേ അഭിമാനത്തോടെയാണ് ഇപ്പോള്‍ മത്സ്യം വില്‍ക്കുന്നതെന്നും ആന്റോ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം