കോഴിക്കോട് സെൻട്രൽ മത്സ്യമാർക്കറ്റ് നവീകരിക്കാനുള്ള കോർപ്പറേഷൻ നീക്കത്തിനെതിരെ ഒരു വിഭാഗം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. 55 കോടി രൂപ ചെലവിട്ട് ആധുനിക മാർക്കറ്റ് ഒരുക്കുന്ന പദ്ധതിയിൽ തൊഴിൽ നഷ്ടപ്പെടുമെന്നാണ് ഇവരുടെ ആശങ്ക

കോഴിക്കോട്: കോഴിക്കോട് സെൻട്രൽ മത്സ്യമാർക്കറ്റ് നവീകരിക്കാനുള്ള കോര്‍പ്പറേഷന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം തൊഴിലാളികൾ. കോർപ്പറേഷന്‍റെ തീരുമാനം നടപ്പിലായാൽ തൊഴിൽ നഷ്ടപ്പെടുമെന്നാണ് ഇവരുടെ ആശങ്ക. ചുരുക്കം ചിലരുടെ എതിർപ്പ് പരിഗണിച്ച് പദ്ധതി മാറ്റില്ലെന്നാണ് കോർപ്പറേഷന്‍റെ നിലപാട്.

55 കോടി രൂപ ചെലവഴിച്ച് ആധുനിക മാർക്കറ്റ് ഒരുക്കുന്നതാണ് പദ്ധതി. ഷോപ്പിംഗ് കോംപ്ലക്സിന്‍റെ മാതൃകയിൽ രണ്ട് നിലകളിലായി മത്സ്യ ലേലത്തിനും ചില്ലറ വിൽപനയ്ക്കും സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. മത്സ്യവിഭവങ്ങൾ ലഭിക്കുന്ന റസ്റ്റോറന്‍റുകളും റിക്രിയേഷൻ ഹാളും ഉൾപ്പെടുത്തി ഹൈടെക്ക് ആക്കുകയാണ് കോർപ്പറേഷന്‍റെ ലക്ഷ്യം.പുതിയ മാർക്കറ്റ് നിർമ്മിക്കുന്നത് വരെ താത്കാലിക സംവിധാനത്തിനായി 55 സെന്‍റ് ഭൂമി കോർപ്പറേഷൻഏറ്റെടുക്കുകയും ചെയ്തു.

എന്നാൽ ഇപ്പോഴുള്ള തീരുമാനം തൊഴിൽ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ ആക്ഷേപം. കോർപ്പറേഷൻ അധികൃതർ വിളിച്ച ഒത്തുതീർപ്പ് ചർച്ചകളിൽ എതിർപ്പുന്നയിച്ച തൊഴിലാളികൾ പങ്കെടുത്തിരുന്നില്ല. എന്നാൽ ഭൂരിഭാഗം കച്ചവടക്കാരും താത്കാലിക സംവിധാനത്തിലേക്ക് മാറാൻ തീരുമാനിച്ച സാഹചര്യത്തിൽ ചുരുക്കം ചില ആളുകൾ ഉയർത്തുന്ന എതിർപ്പുകൾ അവഗണിച്ച് മുന്നോട്ടുപോകാനാണ് കോർപ്പറേഷന്‍റെ തീരുമാനം.