ഭാര്യ സാറയും മക്കളായ എമിലി, ജിനേവറ, സാന്‍റിയാഗോ എന്നിവരും ഇറ്റലിയിലെ മിലാനിൽ നിന്നുള്ള വിനോദ സഞ്ചാരിയായ റൂബന് ഒപ്പമുണ്ട്. 

തിരുവനന്തപുരം: കോവളം സുന്ദരമെന്ന് ഇറ്റാലിയൻ സഞ്ചാരി റൂബൻ. കോവിഡിന് മുൻപ് ഒറ്റയ്ക്ക് വന്ന് കോവളത്തെ സൗന്ദര്യത്തിൽ മയങ്ങിയ റൂബന്‍ നാട്ടിലേക്ക് തിരിച്ച് പോയ ശേഷം ഇപ്പോൾ കുടുംബത്തോടൊപ്പം കോവളത്ത് എത്തിയിരിക്കുകയാണ്. ഭാര്യ സാറയും മക്കളായ എമിലി, ജിനേവറ, സാന്‍റിയാഗോ എന്നിവരും ഇറ്റലിയിലെ മിലാനിൽ നിന്നുള്ള വിനോദ സഞ്ചാരിയായ റൂബന് ഒപ്പമുണ്ട്. മിലാനിലെ കർഷകനാണ് റൂബൻ. രണ്ട് വർഷം മുമ്പാണ് കോവളത്ത് വന്നിരുന്നത്. 

തീരത്തെ സൗന്ദര്യവും കാലാവസ്ഥയും ഉൾപ്പെടെയുള്ളവയിൽ പെട്ടെന്ന് തന്നെ റൂബന്‍ ആകൃഷ്ടനായി. അടുത്ത സീസണിൽ കുടുംബത്തോടൊപ്പം കോവളത്തേക്ക് വരാനിരിക്കവെയാണ് കോവിഡ് നിയന്ത്രണങ്ങൾ വന്നത്. ഇതോടെ യാത്ര മുടങ്ങിയെങ്കിലും കോവളം ഒരു മോഹം മനസ്സിൽ കൊണ്ടു നടന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയ ആദ്യ സീസണിൽ തന്നെ റൂബന്‍ കുടുംബ സമേതം കോവളത്തെത്തി. ഹയർ സെക്കന്‍ററിയിലും ഹൈസ്കൂളിലും പഠിക്കുന്ന മക്കൾക്ക് അവധിക്കാലമായതിനാല്‍ ഈ സീസണിൽ കോവളത്തേക്ക് തിരിക്കുകയായിരുന്നെന്ന് റൂബൻ പറഞ്ഞു. 

മക്കൾ എല്ലാവരും കടൽ കണ്ട ത്രില്ലിലാണ്. ജിനേവറയും സാന്‍റിയാഗോയും രാവിലെ മുതൽ തന്നെ കടൽ കുളിയും സർഫിങ്ങുമായി കടലിൽ തന്നെയാണ്. ആകെയുള്ള ബുദ്ധിമുട്ട് റോഡ് യാത്രയാണ് ഇറ്റലിയിൽ ഒരു മണിക്കൂർ യാത്ര ചെയ്യേണ്ട ദൂരം ഇവിടെ മണിക്കൂറുകൾ വേണ്ടി വരുന്നു. സന്തോഷത്തിനിടയിലും ലോകകപ്പ് ഫുട്ബോളിൽ സ്വന്തം രാജ്യം ക്വാളിഫൈ ചെയ്യാനാകാത്തതിന്‍റെ നിരാശ റൂബനുണ്ട്. നല്ല കളിക്കാർ ഇല്ലാത്തതാണ് ഇറ്റലിയ്ക്ക് ലോകകപ്പ് കളിക്കാനാകാത്തതിന്‍റെ കാരണമെന്ന് റൂബൻ പറഞ്ഞു. ഇത്തവണ കപ്പ് അർജന്‍റീന നേടുമെന്നും റൂബന്‍ പറഞ്ഞു. ഈ വരവിൽ നിരവധി സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങൾക്കായി ഗോവയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.