കാറിന്റെ മുൻഭാഗത്ത് പുക കണ്ടുതുടങ്ങിയപ്പോൾതന്നെ ധൈര്യം സംഭരിച്ച് ഡോർ തുറന്ന് പുറത്തിറങ്ങി. സമീപ വാസികളും, റോഡിലുണ്ടായിരുന്ന യാത്രക്കാരും ഓടിയെത്തിയാണ് വെള്ളം പമ്പ് ചെയ്ത് തീ അണച്ചത്.
ചേർത്തല: ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. കഴിഞ്ഞദിവസം വൈകിട്ട് കണിച്ചുകുളങ്ങരയിലാണ് സംഭവം. കാർ പൂർണ്ണമായും കത്തി നശിച്ചു. കണിച്ചുകുളങ്ങര ചെത്തി റോഡിൽ പടവൂർ ജംഗ്ഷന് സമീപമായിരുന്നു അപകടം. പട്ടണക്കാട് ഹരിശ്രീ ഭവനിൽ ഇന്ദിര വിഘ്നേശ്വരന്റെ ഉടമസ്ഥതയിലുള്ള മാരുതി സുസുക്കി കാറാണ് അപകടത്തിൽപെട്ടത്.
ഇന്ദിര പൊക്ലാശ്ശേരിയിലെ തന്‍റെ കുടുംബ വീട്ടിൽ വന്നതിനുശേഷം തിരികെ പോകുന്ന വഴിയാണ് അപകടം. കാറിന്റെ മുൻഭാഗത്ത് പുക കണ്ടുതുടങ്ങിയപ്പോൾതന്നെ ധൈര്യം സംഭരിച്ച് ഡോർ തുറന്ന് പുറത്തിറങ്ങി. സമീപ വാസികളും, റോഡിലുണ്ടായിരുന്ന യാത്രക്കാരും ഓടിയെത്തിയാണ് വെള്ളം പമ്പ് ചെയ്ത് തീ അണച്ചത്. കാർ പൂർണ്ണമായും കത്തി നശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിൽ ഉണ്ടായ സമാന സംഭവങ്ങൾ പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സമയോചിതമായി ഇടപെടാൻ കഴിഞ്ഞതെന്നും ജീവൻ തിരിച്ചുകിട്ടിയതെന്നും ഇന്ദിര പറഞ്ഞു.
ഈ മാസം ആദ്യം മാവേലിക്കരയിൽ കാറിന് തീപിടിച്ച് ഒരു യുവാവ് മരിച്ചിരുന്നു. മാവേലിക്കര കണ്ടിയൂരിലാണ് കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്ന 35കാരന്‍ കൃഷ്ണ പ്രകാശ് എന്ന കണ്ണൻ ആണ് മരിച്ചത്. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുകയായിരുന്നു കൃഷ്ണപ്രകാശ്. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ വീട്ടിലേക്ക് കാർ കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
വാഹനങ്ങൾ തീപിടിച്ചാൽ എന്തു ചെയ്യണം ? എം വി ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്...
എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാൻ കഴിയും മാത്രവുമല്ല വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്ത്താൻ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം. ഇത്തരം സാഹചര്യത്തിൽ വശങ്ങളിലെ ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം, സീറ്റ് ബെൽറ്റിന്റെ ബക്കിളും (buckle), സീറ്റിന്റെ ഹെഡ് റെസ്റ്റും ഇതിനായി ഉപയോഗിക്കാം . ചുറ്റികയോ വീൽ സ്പാനറോ വാഹനത്തിനകത്ത് ഗ്ലൗ ബോക്സിനകത്തോ കയ്യെത്താവുന്ന രീതിയിലോ സൂക്ഷിക്കുന്നത് ശീലമാക്കുക. ഈ തരത്തിൽ വിൻഡ് ഷീൽഡ് ഗ്ലാസ് പൊട്ടിക്കാൻ സാധിച്ചില്ലെങ്കിൽ സീറ്റിൽ കിടന്ന് കൊണ്ട് കാലുകൾ കൊണ്ട് വശങ്ങളിലെ ഗ്ലാസ് ചവിട്ടി പൊട്ടിക്കാൻ ശ്രമിക്കാവുന്നതാണ്.
വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാൽ ആദ്യം ചെയ്യേണ്ടത് ഫയർഫോഴ്സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും.
DCP type fire extinguisher ചില വാഹനങ്ങളിൽ നിയമം മൂലം നിർബന്ധമാക്കിയിട്ടുണ്ട്, എന്നാൽ എല്ലാ പാസഞ്ചർ വാഹനങ്ങളിലും ഇത് നിർബന്ധമായും വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുന്നത് അത്യാവശ്യഘട്ടങ്ങളിൽ വളരെ ഉപകാരപ്രദമാണ്.
ഫയർ extinguisher ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചൊ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കിൽ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാൽ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങൾ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയർ എന്നിവ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ളതിനാൽ കുടുതൽ അപകടത്തിന് ഇത് ഇടയാക്കും.
Read More : 'കല്യാണത്തലേന്ന് കാമുകന്‍റെ വീട്ടിലെത്തി കാമുകിയും കുടുംബവും; വീട് തകർത്തു, വരനടക്കം 5 പേർ ആശുപത്രിയിൽ !
