വിവാദമായ മൂന്നാറിലെ റിസോർട്ട് 29 കോടിക്ക് വാങ്ങിയ സഹകരണ ബാങ്കിന്‍റെ നടപടി തികച്ചും തെറ്റാണെന്നാണ് രാജേന്ദ്രൻ പറഞ്ഞത്. 

ഇടുക്കി:  എം എം മണി തുടങ്ങിവച്ച വിവാദ പ്രസ്ഥാവനകള്‍ക്ക് മറുപടിയുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍റെ വാര്‍ത്താ സമ്മേളനം ഇന്ന്. മൂന്നാറിലാണ് എസ് രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനം വളിച്ചിരിക്കുന്നത്. പാർട്ടിയുടെ അറിവോടെ സർവ്വീസ് സഹകരണ ബാങ്ക് നടത്തിയ അഴിമതികൾ രേഖാമൂലം പുറത്ത് വിടുമെന്നാണ് സൂചന. മുൻ വൈദ്യുതി മന്ത്രിയും ഉടുമ്പുംചോല എം എൽ എയുമായ എം എം മണി ട്രേഡ് യൂണിയൻ പ്രതിനിധി സമ്മേളത്തിൽ എസ് രാജേന്ദ്രനെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ഇടുക്കിയില്‍ ഇരുവരും തമ്മിലുള്ള അസ്വാരസ്യം മറനീക്കി പുറത്ത് വന്നു. 

15 കൊല്ലം എംഎൽഎയും അതിന് മുമ്പ് ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന രാജേന്ദ്രൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാര്‍ത്ഥിയായ അഡ്വ എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം എം എം മണിയുയര്‍ത്തി. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പോര് ആരംഭിച്ചത്. രാജേന്ദ്രനെ പുറത്താക്കാൻ എം എം മണി ശ്രമിച്ചതോടെ, മണിക്കെതിരെ രാജേന്ദ്രൻ മാധ്യമങ്ങളിലൂടെ പ്രസ്ഥാവന ഇറക്കി. ജില്ലയിലെ മുതിർന്ന നേതാവിനെതിരെ ശബ്ദിക്കാൻ രാജേന്ദ്രൻ ശ്രമിച്ചതോടെ പാർട്ടി അച്ചടക്ക നടപടിയുമായി രംഗത്തെത്തി. 

ഇതേ തുടര്‍ന്ന് രാജേന്ദ്രനെ അന്വേഷണ വിധേയമായി സി പി എം പുറത്താക്കി. എന്നാൽ, പൊതുവേദികളിൽ എം എം മണി രാജേന്ദ്രനെ വിമർശിക്കുന്നത് പതിവായി. കഴിഞ്ഞ ദിവസം നടന്ന ട്രൈഡ് യൂണിൻ പ്രതിനിധി സമ്മേളനത്തിൽ രാജേന്ദ്രനെ ശരിയാക്കണമെന്ന് എം എം മണി തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള പോര് വീണ്ടും ശക്തമായി. എം എം മണിയുടെ പ്രസ്താവനക്കെതിരെ രാജേന്ദ്രൻ രംഗത്തെത്തുകയും പാർട്ടിയുടെ ഉടമസ്ഥതയിലുള്ള ബാങ്ക് അഴിമതി തുറന്നുകാട്ടി. ഇതിന് മറുപടിയുമായി സഹകരണ ബാങ്ക് രംഗത്തെത്തിയിരുന്നു. 

നിരവധി ആരോപണങ്ങൾ നിലനിൽക്കുന്ന മൂന്നാറിലെ റിസോർട്ട് 29 കോടിക്ക് വാങ്ങിയ സഹകരണ ബാങ്കിന്‍റെ നടപടി തികച്ചും തെറ്റാണെന്നാണ് രാജേന്ദ്രൻ പറഞ്ഞത്. ബാങ്കിനെതിരെ ആരോപണം ഉന്നയിച്ച എസ് രാജേന്ദ്രന്‍ എം എം മണിയേയും ജില്ലയിലെ മുതിര്‍ന്ന നേതാവ് ശശിക്കുമെതിരെയാണ് എസ് രാജേന്ദ്രന്‍ ആരോപണം ശക്തമാക്കിയത്. എന്നാൽ, എല്ലാ നിയമവും പാലിച്ചാണ് കെട്ടിടം വാങ്ങിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ ബാങ്കിന്‍റെ നിയമ ലംഘനങ്ങൾ രേഖാമൂലം പുറത്തുവിടുമെന്നാണ് സൂചന. ഉച്ചയ്ക്ക് 12 ന് മൂന്നാർ ഗവ. ഗസ്റ്റ് ഹൗസിലാണ് എസ് രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. വിവാദങ്ങള്‍ക്കിടയിലും പാര്‍ട്ടി വിടില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞിരുന്നു. 

കൂടുതല്‍ വായനയ്ക്ക്: എസ് രാജേന്ദ്രന് മറുപടി; ടൂറിസം രംഗത്തെ നിക്ഷേപങ്ങള്‍ സഹകരണ വകുപ്പിന്‍റെ അനുമതിയോടെയെന്ന് ബാങ്ക് ഭരണ സമിതി