നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ അറിയിച്ചു. ശബരിമലയിൽ 18,741 പൊലീസുകാരെ വിന്യസിക്കും.
പത്തനംതിട്ട: സുരക്ഷിതമായ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ. ആറ് ഘട്ടങ്ങളായി മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവ് പൂർത്തിയാകുന്നത് വരെയുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തീർഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു റവാഡ ആസാദ് ചന്ദ്ര ശേഖർ.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ഇത്തരത്തിൽ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ എസ്.പിമാർ, അഡീഷണൽ എസ്.പിമാർ, ഡി.വൈ,എസ്.പിമാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ സേനയിലെ വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തും.
തീർഥാടകരുടെ സുരക്ഷയ്ക്കൊപ്പം ട്രാഫിക് ലംഘനങ്ങളും അപകടവും ഉണ്ടാകാതിരിക്കാൻ ബൈക്ക്, മൊബൈൽ പട്രോളിംഗ് എന്നിവ ഉണ്ടാകും. പ്രധാന സ്ഥലങ്ങളിൽ കേരള പൊലീസിൻറെ കമാൻഡോകളെ വിന്യസിക്കും. പ്രധാന വാഹന പാർക്കിംഗ് ഏരിയ നിലയ്ക്കൽ ആണെന്നും അനധികൃത പാർക്കിംഗ് അനുവദിക്കുകയില്ലെന്നും പൊലീസ് മേധാവി പറഞ്ഞു. ഇവിടങ്ങളിൽ ആവശ്യത്തിന് സി.സി.ടി.വി, ശൗചാലയങ്ങൾ എന്നിവ ഉറപ്പാക്കും. ഇടത്താവളങ്ങളിൽ പ്രത്യേക പൊലീസ് സംവിധാനം ക്രമീകരിക്കും. ബാരിക്കേഡ്, ലൈഫ് ഗാർഡ്, മറ്റ് സുരക്ഷ സംവിധാനങ്ങൾ പമ്പാ തീരത്ത് ഒരുക്കിയിട്ടുണ്ട്.
ക്യൂ കോപ്ലെക്സുകളിൽ തിരക്ക് നിയന്ത്രിക്കും. പമ്പാ നദിക്കരയിൽ പുതുതായി നിർമ്മിച്ച ജർമ്മൻ ഷെഡുകളിൽ 4,000 പേരെ വരെ ഉൾക്കൊള്ളാനാകും. പോക്കറ്റടി, അനധികൃത വ്യാപാരം, മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയാൻ സ്പെഷ്യൽ ആൻറി തെഫ്റ്റ് സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. സ്ഥിരം ക്രിമിനലുകളെ കണ്ടെത്താൻ എ.ഐ അധിഷ്ഠിത സി.സി.ടി.വിയുടെ സേവനം ഉപയോഗപ്പെടുത്തും. ഡോളി ജീവനക്കാർ ഉൾപ്പെടെയുള്ള താത്കാലിക തൊഴിലാളികളെ തിരിച്ചറിയാൻ പമ്പ പൊലീസ് വികസിപ്പിച്ച ആപ്പ് ഉപയോഗിക്കും. ആംബുലൻസുകൾക്ക് പ്രത്യേക പാത ഉറപ്പാക്കുമെന്നും ഡിജിപി അറിയിച്ചു.


