നാട്ടിലെ മറ്റൊരു തെങ്ങുകയറ്റ തൊഴിലാളിയും അഗ്നിശമന സേനയും ചേ‍ർന്നാണ് ഒടുവിൽ യുവാവിനെ രക്ഷിച്ചത്.

കോഴിക്കോട്: തൊട്ടില്‍പാലം പൂക്കാട്ട് തെങ്ങുകയറ്റ തൊഴിലാളി അപകടത്തില്‍പ്പെട്ട് തെങ്ങില്‍ തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം. താളിക്കുനി കുളമുള്ള പറമ്പത്ത് മനോജാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ഓടെയാണ് സംഭവം ഉണ്ടായത്. തൊട്ടില്‍പ്പാലം പൂക്കാട് ചീളുപറമ്പത്ത് ചന്ദ്രിയുടെ വീട്ടുപറമ്പിലെ തെങ്ങില്‍ തേങ്ങയിടാനായി കയറിയതായിരുന്നു മനോജ്. തെങ്ങ് കയറുന്ന യന്ത്രത്തിന്റെ സേഫ്റ്റി ബെല്‍റ്റ് പൊട്ടിയതിനെ തുടര്‍ന്ന് തലകീഴായി തൂങ്ങിപ്പോവുകയായിരുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ നാട്ടിലെ മറ്റൊരു തെങ്ങുകയറ്റ തൊഴിലാളിയായ നെടുംകുന്നുമ്മല്‍ പൊക്കന്‍ എന്നയാളെ വിളിച്ചുവരുത്തി. പൊക്കന്‍ തെങ്ങില്‍ കയറി സാരി ഉപയോഗിച്ച് മനോജിനെ സുരക്ഷിതമായി തെങ്ങിനോട് ചേര്‍ത്ത് കെട്ടി നിര്‍ത്തി. തുടര്‍ന്ന് നാദാപുരത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേന എക്സ്റ്റന്‍ഷന്‍ ലാഡര്‍, റെസ്‌ക്യൂ നെറ്റ് തുടങ്ങിയവ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി മനോജിനെ താഴെയിറക്കുകയായിരുന്നു. അവശനായ മനോജിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read also: കൈക്കൂലിയുമായി വാടക വീട്ടിലെത്താൻ പറഞ്ഞു; പണം കൈപ്പറ്റുന്നതിനിടെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടര്‍ കയ്യോടെ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം