റീബിൾഡ് പദ്ധതി വഴി വീട് വയ്ക്കാൻ നാല് ലക്ഷം രൂപ സർക്കാർ അനുവദിച്ചു. എന്നാൽ ആദ്യ ഗഡുവായ 95 ആയിരം രൂപ റവന്യൂ ഉദ്യോഗസ്ഥരുടെ പിഴവിൽ മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പോയി...
ആലപ്പുഴ: ഉദ്യോഗസ്ഥ വീഴ്ചയുടെ ഇരകളാണ് ആലപ്പുഴ കാവാലം സ്വദേശി സഹദേവനും കുടുംബവും. മഹാപ്രളയത്തിൽ വീട് നഷ്ടമായ
ഇവർക്ക് റീബിൽഡ് പദ്ധതിയിലൂടെ പുതിയ വീടിന് തുക അനുദിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ഈ തുക മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പോയി. പ്രശ്നം പരിഹരിച്ച് പണം തിരികെ ലഭിക്കാൻ കുട്ടനാട് താലൂക്ക് ഓഫീസിൽ ഒന്നരവർഷമായി കയറി ഇറങ്ങുകയാണ്
ഈ നിർധന കുടുംബം.
ദുരിതം തളംകെട്ടി നിൽക്കുകയാണ് ഈ കുടുംബത്തിന് ചുറ്റും. 2018 ലെ മഹാപ്രളയത്തിൽ സഹദേവന്‍റെ വീട് പൂർണ്ണമായി തകർന്നു. ഭാര്യയും മൂന്ന് മക്കളുമൊത്ത് പിന്നെ താമസം ഈ കൂരയിലാണ്. ടാർപ്പോളിൻ ഷീറ്റ് കൊണ്ട് മറച്ചും, തടി കൊണ്ട് താങ് കൊടുത്തും ഒറ്റമുറിയിൽ അങ്ങനെ കഴിഞ്ഞുകൂടുന്നു. ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂക്ഷമാകും.
റീബിൾഡ് പദ്ധതി വഴി വീട് വയ്ക്കാൻ നാല് ലക്ഷം രൂപ സർക്കാർ അനുവദിച്ചു. എന്നാൽ ആദ്യ ഗഡുവായ 95 ആയിരം രൂപ റവന്യൂ ഉദ്യോഗസ്ഥരുടെ പിഴവിൽ മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പോയി. പ്രശ്നം പരിഹരിച്ച് പണം വേഗത്തിൽ തിരികെ വാങ്ങി നൽകാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതാണ്, പക്ഷെ ആ കാത്തിരിപ്പിന് രണ്ട് വയസ്സാകുന്നു. ഇവർക്കൊപ്പം പണം അനുവദിച്ചുകിട്ടിയ അയൽവാസികളൊക്കെ വീട് പണി എന്നേ പൂർത്തിയാക്കി
റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥയിലാണ് പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പോയത്. പക്ഷെ ആദ്യ ഗഡു വാങ്ങിയിട്ടും വീട് വെച്ചില്ലെന്ന കാരണം പറഞ്ഞ് ജപ്തി ചെയ്യാൻ വില്ലേജ് ഓഫീസറും സംഘവും സഹദേവന്‍റെ ഈ കൂരയിലെത്തിയിരുന്നു.
അക്കൗണ്ട് മാറി പണം കിട്ടിയത് റീബിൾഡിലെ മറ്റൊരു ഗുണഭോക്താവിനാണ്. ഇയാളെകൊണ്ട് റവന്യൂ വകുപ്പ് തുക തിരികെ ട്രഷറിയിൽ അടപ്പിച്ചിരുന്നു. എന്നാൽ അത് മറ്റിനത്തിൽ ചെലവായിപ്പോയി. ഇനി റീബിൾഡിന്‍റെ ഭാഗമായി പുതിയ ഫണ്ട് സർക്കാർ അനുവദിക്കണം. അതുവരെ ദുരിതം സഹദേവനും കുടുംബത്തിനുമാണ്.
