കലൂർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ കുഴഞ്ഞുവീണ സജി എന്നയാൾക്ക് ഹൃദ്രോഗ വിദഗ്ധനായ ഡോ. ജോ ജോസഫ് സിപിആർ നൽകി ജീവൻ രക്ഷിച്ചു. ഹൃദയാഘാതമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ, രോഗിയെ ആംബുലൻസിൽ ലിസി ആശുപത്രിയിലെത്തിച്ചു.
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ മുഖ്യമന്ത്രിയുടെ കലൂരിലെ പരിപാടിക്കിടെ കുഴഞ്ഞ് വീണയാൾക്ക് രക്ഷകനായി ഡോ. ജോ ജോസഫ്. മുഖ്യമന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെയാണ് സദസ്സിന്റെ പിന്നിലിരുന്ന പത്തനംതിട്ട സ്വദേശിയായ സജി കുഴഞ്ഞ് വീണത്. വീണയുടനെ സജിയെ കസേരയിലിരുത്തി ആളുകൾ സ്റ്റേജിന് പിന്നിലേക്കെത്തിച്ചു. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ കൂടിയായ ഡോ. ജോ ജോസഫ് വേദിയിൽനിന്നിറങ്ങി സ്റ്റേജിന് പിന്നിലേക്ക് ചെന്നു.
കുഴഞ്ഞ് വീണയാൾ ബോധരഹിതനാണെന്ന് കണ്ട് ഡോക്ടർ അദ്ദേഹത്തിന് ഉടൻ സിപിആർ നൽകി. മൂന്ന് തവണ സിപിആർ ആവർത്തിച്ചപ്പോൾ രോഗി സ്വയം ശ്വസിക്കാൻ തുടങ്ങുകയും ബോധം തിരിച്ച് കിട്ടുകയും ചെയ്‌തു. ഹൃദയാഘാതമാണെന്ന് മനസിലാക്കിയതിനാൽ മുഖ്യമന്ത്രിക്ക് അകമ്പടിയായെത്തിയ ആംബുലൻസിൽ തന്നെ ഇദ്ദേഹത്തെ ലിസി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോ. ജോ ജോസഫും ആംബുലൻസിൽ ഒപ്പം കയറി.
ആശുപത്രിയിലെ പ്രാഥമിക പരിശോധനകൾക്ക് ശേഷം ഡോ. ജോ ജോസഫ് തന്നെ രോഗിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ജോലി ആവശ്യത്തിനായി പത്തനംതിട്ടയിൽ നിന്നും എത്തിയതാണെന്ന് സജി പറഞ്ഞു. കൊച്ചിയിലുള്ള അദ്ദേഹത്തിന്റെ സുഹൃത്തിനെ വിളിച്ച് വരുത്താനും ബന്ധുക്കളെ വിവരമറിയിക്കാനും ഡോക്ടർ നിർദേശം നൽകി. രോഗി അപകട നില തരണം ചെയ്തെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഡോ. ജോ ജോസഫ് സമ്മേളന സ്ഥലത്തേക്ക് മടങ്ങിയത്. തൃക്കാക്കര നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയായിരുന്നു ഡോ. ജോ ജോസഫ്.
