വരയാട്, മാന്‍ എന്നിവയുടെ കൊമ്പ്, ചെറിയ ചന്ദനമുട്ടികള്‍ എന്നിവ വീട്ടില്‍ നിന്ന് കണ്ടെടുത്തു
മൂന്നാര്‍: പൊലീസിന്റെ പരിശോധനയില്‍ വന്യമൃഗങ്ങളുടെ കൊമ്പും ചന്ദനമുട്ടിയുമായി ഒരാള്‍ പിടിയിൽ. പൊലിസിന്റെ നാര്‍കോട്ടിക്‌സ് വിഭാഗം നടത്തിയ തിരച്ചിലിലാണ് ചന്ദനമുട്ടിയും വന്യമൃഗങ്ങളുടെ കൊമ്പുകളുമായി ഒരാള്‍ പിടിയിലായിത്. കരടിപ്പാറ തെക്കേക്കുന്നേല്‍ ജോസ് (54) ആണ് തിങ്കളാഴ്ച്ച രാത്രിയില്‍ പിടിയിലായത്.
തിങ്കളാഴ്ച്ച വൈകിട്ട് ഇടുക്കി നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എ ജി ലാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മിന്നല്‍ പരിശോധന. കരടിപ്പാറയിലുള്ള ജോസിന്റെ വീട്ടില്‍ കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. സന്ധ്യയോടെ വീട് വളഞ്ഞ് പത്തംഗ പ്രത്യേക ലഹരിവിരുദ്ധ സേന പരിശോധന നടത്തി. ലഹരിമരുന്ന് ഇല്ലായിരുന്നെങ്കിലും വരയാട്, മാന്‍ എന്നിവയുടെ കൊമ്പ്, ചെറിയ ചന്ദനമുട്ടികള്‍ എന്നിവ വീട്ടില്‍ നിന്ന് കണ്ടെടുത്തു. വന്യജീവി സംരക്ഷണ നീയമത്തിന്റെ പരിധിയില്‍ ആയതിനാല്‍ കേസ് വനം വകുപ്പിന് കൈമാറും.
