പാലക്കാട്: നെൽകൃഷിക്കുള്ള ജൈവവളത്തിന് വേണ്ടി കർഷകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഡെയിഞ്ചയുടെ വിത്തിന് കടുത്ത ക്ഷാമം. പൊള്ളാച്ചി കേന്ദ്രീകരിച്ചാണ് വിത്തിന്‍റെ സംഭരണവും വിതരണവും. ഒന്നാം വിള കൊയ്ത്തിനായാണ് കർഷകർ ഡെയിഞ്ച വിതയ്ക്കുന്നത്. 

പാലക്കാട് വിവിധ പാടശേഖരങ്ങൾക്ക് വേണ്ടി കർഷകർ വർഷങ്ങളായി പൊള്ളാച്ചിയിലെത്തി നേരിട്ടാണ് വിത്ത് വാങ്ങിയിരുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിത്ത്, വളം എന്നിവയുടെ വിൽപ്പനയും വാങ്ങലും തടസ്സമില്ലാതെ നടക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഡെയിഞ്ച വിത്ത് വാങ്ങാൻ കർഷകർ‍ക്ക് അതിർത്തി കടന്ന് പൊള്ളാച്ചിയിലേക്ക് പോകാൻ അനുമതിയില്ല. ഇത് കർഷകർക്ക് കനത്ത തിരിച്ചടിയാവുകയാണ്

കിലോഗ്രാമിന് 58 രൂപയാണ് ഈ സീസണിൽ പൊള്ളാച്ചിയിലെ ഡെയിഞ്ച വിത്ത് വില. ഒരേക്കറിന് എട്ടുമുതൽ 10 കിലോഗ്രാം വരെ വിത്ത് വേണം. ഏപ്രിൽ മാസം അവസാനത്തോടെ ഡെയിഞ്ച വിതയ്ക്കണം. സമയം തെറ്റിയാൽ ജൂണിലാരംഭിക്കുന്ന ഒന്നാം വിളകാലം തുടങ്ങും മുൻപ് ഇവ വളമാക്കാനാവാത്ത സ്ഥിതിയുണ്ടാകും.