ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് കുട്ടികൾ ബഹളമുണ്ടാക്കിയതോടെ ഡ്രൈവർ ബസ് നിർത്തി. ഉടൻ തന്നെ പ്രദേശവാസികളും ഓടിയെത്തി.
മാന്നാർ: വിദ്യാർഥികളുമായി ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസ് കത്തി നശിച്ചു. മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസാണ് കത്തി നശിച്ചത്. വിദ്യാർഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടം സമയം ബസിൽ 17 കുട്ടികളുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ 8.45ന് ആലാ അത്തലക്കടവ്- പെണ്ണുക്കര ക്ഷേത്രം റോഡിൽ ആലാ ഗവണ്‍മെന്റ് ഹയർസെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഭവം. ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് കുട്ടികൾ ബഹളമുണ്ടാക്കിയതോടെ ഡ്രൈവർ ബസ് നിർത്തി. ഉടൻ തന്നെ പ്രദേശവാസികളും ഓടിയെത്തി. വിദ്യാർഥികളെ മുഴുവൻ പുറത്തിറക്കി സുരക്ഷിതമായി സമീപത്തെ വീട്ടലേക്ക് മാറ്റി. പെട്ടെന്ന് തന്നെ തീ കത്തി ഉയരുകയായിരുന്നു. ബസിലെയും സമീപത്തെ വീട്ടിലെയും അഗ്നിരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. ഉടൻ തന്നെ ചെങ്ങന്നൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീയണച്ചെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു.
